വിജയതുടർച്ചയുണ്ടാകുമോ? ഭ്രമയുഗത്തിന് പാക്കപ്പ്, സിനിമ റിലീസ് ചെയ്യുക 5 ഭാഷകളിൽ

വ്യാഴം, 19 ഒക്‌ടോബര്‍ 2023 (19:16 IST)
മലയാളസിനിമയില്‍ കൊറോണയ്ക്ക് ശേഷം ഏറ്റവും വ്യത്യസ്തമായ സിനിമകള്‍ ചെയ്ത നായകന്‍ തീര്‍ച്ചയായും മെഗാസ്റ്റാര്‍ മമ്മൂട്ടിയായിരിക്കും. പുറത്തിറങ്ങുന്ന ഓരോ സിനിമകളിലും വ്യത്യസ്തത സമ്മാനിച്ച് കൊണ്ടാണ് മമ്മൂട്ടി പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നത്. ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്ത കണ്ണൂര്‍ സ്‌ക്വാഡും മികച്ച പ്രതികരണം നേടിയിരുന്നു. ബസൂക്ക, ഭ്രമയുഗം, കാതല്‍ എന്നിങ്ങനെ ഒരുപിടി ചിത്രങ്ങള്‍ മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനിരിക്കുന്നു.
 
ഇതില്‍ തന്നെ ആരാധകര്‍ക്ക് ഏറ്റവും പ്രതീക്ഷയുള്ള ചിത്രമാണ് ഹൊറര്‍ പശ്ചാത്തലത്തിലായി ഒരുങ്ങുന്ന രാഹുല്‍ സദാശിവന്‍ ചിത്രമായ ഭ്രമയുഗം. കണ്ടുപരിചയിച്ച മമ്മൂട്ടിയെ അല്ല സിനിമ അവതരിപ്പിക്കുന്നതെന്ന് സിനിമയുടേതായി പുറത്തുവന്ന പ്രമോഷന്‍ മെറ്റീരിയലുകള്‍ തെളിവ് നല്‍കുന്നു. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതായി അറിയിച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. കൊച്ചിയിലും ഒറ്റപ്പാലത്തും ആതിരപ്പള്ളിയിലുമായാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്.
 
സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. മലയാളത്തിന് പുറമെ തമിഴ്. തെലുങ്ക്,കന്നഡ,ഹിന്ദി ഭാഷകളില്‍ കൂടി സിനിമ പുറത്തിറക്കാനാണ് അണിയറക്കാരുടെ പദ്ധതി. 2024ന്റെ തുടക്കത്തില്‍ തന്നെ ചിത്രം പുറത്തിറങ്ങും എന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍