വിനീതേട്ടൻ അത് പറഞ്ഞപ്പോൾ ഞാൻ കരഞ്ഞു, ഹിഷാം അബ്ദുൾ വഹാബിന്റെ ഹൃദയസ്പർശിയായ കുറിപ്പ്

അഭിറാം മനോഹർ

ബുധന്‍, 4 ഡിസം‌ബര്‍ 2019 (19:30 IST)
റിയാലിറ്റി ഷോകളിലൂടെ മലയാളികൾക്ക് സുപരിചിതനായ ഗായകനാണ് ഹിഷാം അബ്ദുൾ വഹാബ്. പിന്നീട് സാൾട്ട് മാംഗോ ട്രീ തുടങ്ങിയ ചിത്രങ്ങളിലൂടെ സംഗീതസംവിധായകനുമായും ഹിഷാം തിളങ്ങി. എന്നാൽ അടുത്തിടെ ഹിഷാം വാർത്തകളിൽ ഇടം നേടിയത് വിനീത് ശ്രീനിവാസൻ ചിത്രത്തിൽ ഷാൻ റഹ്മാന് പകരമായി മറ്റൊരാൾ ആദ്യമായി സംഗീതം നിർവഹിക്കുന്നു എന്ന വാർത്തയുടെ പേരിലാണ്. 
 
കുറച്ചുനാളത്തെ ഇടവേളക്ക് ശേഷം വിനീത് ഒരുക്കുന്ന ചിത്രത്തിൽ നായകനാകുന്നത് പ്രണവ് മോഹൻലാലും നായികയായെത്തുന്നത് കല്യാണി പ്രിയദർശനുമാണ്. പതിവ്പോലെ ഈ വിനീത് ചിത്രത്തിലും ഷാൻ തന്നെയായിരിക്കും സംഗീതം നൽകുക എന്നാണ് പ്രേക്ഷകർ കരുതിയിരുന്നുവെങ്കിലും ഷാൻ റഹ്മാൻ തന്നെ രംഗത്തെത്തി ഇത് തിരുത്തുകയായിരുന്നു. 
 
ഇപ്പോൾ വിനീത് ശ്രീനിവാസനും തന്റെ സംഗീതജീവിതത്തെ തിരിച്ചറിഞ്ഞ ഷാൻ റഹ്മാനും ഫേസ്ബുക്ക് കുറിപ്പിലൂടെ നന്ദി രേഖപ്പെടുത്തിയിരിക്കുകയാണ് ഹിഷാം.
 
ഹിഷാം അബ്ദുൾ വഹാബിന്റെ ഹൃദയസ്പർശിയായ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
 
എവിടെ നിന്നു തുടങ്ങണം എന്നെനിക്കറിയില്ല...കുറേ മാസങ്ങളായി എന്റെ ഹൃദയത്തിൽ മാത്രം സൂക്ഷിച്ചു വെച്ച, എന്റെ 10 വർഷത്തെ സംഗീത ജീവിതത്തെ തിരിച്ചറിഞ്ഞ് നൽകിയ ആ സമ്മാനം ഇന്നിവിടെ എന്റെ പ്രിയപ്പെട്ട ഷാനിക്ക നിങ്ങൾക്ക് തുറന്നു കാട്ടി. നന്ദി ഇക്ക, വാക്കുകളിൽ ഒതുങ്ങുന്നതല്ല ഇക്കയുടെ ഈ മനസ്സിന്റെ വലുപ്പം.
 
ഞാൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന, നമ്മളെ എല്ലാവരേയും ഒരേപോലെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന പ്രതിഭാസം ശ്രീ വിനീതേട്ടൻ, തന്റെ അടുത്ത സിനിമയുടെ സംഗീത സംവിധാനം ഹിഷാമാണ് നിർവഹിക്കുന്നതെന്ന് ഒട്ടും പതറാതെ വളരെ വ്യക്തമായി എന്നോട് പറഞ്ഞപ്പോൾ, എന്റെ ഹൃദയത്തിന് അത് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു. 
 
അൽപനേരം ഞാൻ എന്റെ മുഖം രണ്ടു കൈ കൊണ്ടു മറച്ചു വെച്ചു. കരഞ്ഞതെന്തിനെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. മുഖം കഴുകിവന്ന് വിനീതേട്ടനോട് നമ്മൾ ചെയ്യുന്ന സിനിമയുടെ പേര് ചോദിച്ചു. “ഹൃദയം” എന്ന് പറഞ്ഞു. നന്ദി വിനീതേട്ട എന്നെയും കൂടി ഒപ്പം കൂട്ടിയതിന്.
 
എല്ലാവരുടേയും പ്രാർത്ഥനയോടു കൂടി എന്റെ സംഗീത ജീവിതത്തിന്റെ പുതിയ അദ്ധ്യായം ഇവിടെ തുടങ്ങുന്നു. കൂടെ ഉണ്ടാവണം.
ഹിഷാം അബ്ദുൽ വഹാബ്

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍