വേനലവധി മലയാള സിനിമ ഇങ്ങ് എടുത്തുവെന്ന് പറഞ്ഞേക്ക്, ഏപ്രിലിലും മെയ്യിലുമായി റിലീസ് ചെയ്യുന്ന സിനിമകളുടെ ലിസ്റ്റ് കണ്ടാല്‍ ആരും ഞെട്ടും

അഭിറാം മനോഹർ

ഞായര്‍, 17 മാര്‍ച്ച് 2024 (14:51 IST)
Malayalam summer releases
പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നീ സിനിമകളുടെ വിജയത്തിന് പിന്നാലെ 2024 മലയാള സിനിമ ഇങ്ങെടുത്തുവെന്ന തരത്തില്‍ ചര്‍ച്ചകള്‍ സിനിമാപ്രേമികള്‍ക്കിടയില്‍ സജീവമാണ്. മലയാളത്തില്‍ 2024ല്‍ വരാനിരിക്കുന്ന വമ്പന്‍ സിനിമകള്‍ കൂടി കണക്കിലെടുത്താണ് ആരാധകരുടെ ഈ പ്രതികരണം. മാര്‍ച്ച് അവസാനം ആടുജീവിതം കൂടി റിലീസ് ചെയ്യുന്നതോടെ ഫെബ്രുവരിയില്‍ മലയാളം സിനിമ തുടക്കമിട്ട തീ ആളിപ്പടരുമെന്ന് ഉറപ്പാണ്.
 
ഈ വേനലവധിക്കാലത്ത് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എട്ടോളം സിനിമകളാണ് റിലീസ് കാത്തിരിക്കുന്നത്. ഇതില്‍ ഒരുവിധം സിനിമകളെല്ലാം തന്നെ ഹിറ്റ് സ്റ്റാറ്റസ് നേടുമെന്ന് തന്നെയാണ് കണക്കാക്കുന്നത്. ഏപ്രിലില്‍ വിഷു റിലീസായി വിനീത് ശ്രീനിവാസന്‍ ചിത്രം വര്‍ഷങ്ങള്‍ക്ക് ശേഷം., ഉണ്ണി മുകുന്ദന്‍ സിനിമയായ ജയ് ഗണേഷ്, ഫഹദ് ഫാസില്‍ സിനിമയായ ആവേശം എന്നിവയാണ് തിയേറ്ററുകളിലെത്തുന്നത്. ഇതില്‍ ആവേശം, വര്‍ഷങ്ങള്‍ക്ക് ശേഷം എന്നിവ പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രങ്ങളാണ്.
 
ഏപ്രിലില്‍ മമ്മൂട്ടി സിനിമയായ ടര്‍ബോ, ജനഗണമനയ്ക്ക് ശേഷം വിപില്‍ ലാലിന്റെ സംവിധാനത്തില്‍ വരുന്ന പൃഥ്വിരാജ് ചിത്രം ഗുരുവായൂര്‍ അമ്പലനടയില്‍. ജനഗണമനയ്ക്ക് ശേഷം ഡിനോ സംവിധാനം ചെയ്യുന്ന നിവിന്‍ പോളി സിനിമയായ മലയാളി ഫ്രം ഇന്ത്യ. ടൊവിനോ തോമസ് നായകനാകുന്ന ജീന്‍ പോള്‍ ലാല്‍ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം നടികര്‍ എന്നിവയാണ് റിലീസിന് ഒരുങ്ങുന്നത്.
 
മാര്‍ച്ച്, ഏപ്രില്‍ റിലീസ് സിനിമകളെല്ലാം തന്നെ വലിയ പ്രതീക്ഷ ഉയര്‍ത്തുന്ന ചിത്രങ്ങളാണ്. അതേസമയം മികച്ച സിനിമകളെല്ലാം ഒരുമിച്ച് തിയേറ്ററുകളില്‍ എത്തിക്കുന്ന മലയാള സിനിമയുടെ പ്ലാനിംഗ് ഇല്ലായ്മയേയും ആരാധകര്‍ ഇതിനൊപ്പം കുറ്റം പറയുന്നുണ്ട്. മികച്ച സിനിമകള്‍ പലതും ഒരുമിച്ച് റിലീസ് ചെയ്യുമ്പോള്‍ പല സിനിമകള്‍ക്കും അതിന് ലഭിക്കേണ്ട വിജയം ലഭിക്കുന്നില്ലെന്ന് കൂട്ട റിലീസുകളെ വിമര്‍ശിക്കുന്നവര്‍ പറയുന്നു. എന്തിരുന്നാലും ഫെബ്രുവരിയില്‍ മലയാള സിനിമ തുടക്കമിട്ട തീ ഏപ്രില്‍ മെയ് മാസങ്ങളില്‍ ആളിക്കത്തുമെന്ന് ഉറപ്പാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍