വൈകല്യത്തിന് മുന്നില്‍ തളരാത്ത സ്ത്രീത്വം

Webdunia
അഞ്ചാം വയസ്സില്‍ പോളിയോ ബാധിച്ചു തളര്‍ന്നു പോയ സരസു തോട്ടത്തിന് പ്രായം അന്‍പതോടടുക്കുന്നു. ശരീരം തളര്‍ന്ന് കിടക്കയില്‍ കിടക്കുമ്പോഴും തളരാത്ത ഇച്ഛാശക്തിയോടെ സരസു തന്‍റെ ചിന്തകളും വേദനകളും കവിതകളും കുറിപ്പുകളുമാക്കി മാറ്റുന്നു. സാഹചര്യങ്ങളെ നേരിടാന്‍ ഭയക്കുന്ന ലോകത്തില്‍ സരസു ഒരു അത്ഭുതമാണ്.

പത്തനംതിട്ട ജില്ലയില്‍ കുമ്പളാം പൊയ്ക ഗ്രാമത്തില്‍ ജ-നിച്ച സരസുവിന് സ്കൂള്‍ വിദ്യാഭ്യാസം ലഭിച്ചിട്ടില്ല. നാല്‍പത് വര്‍ഷം ചലനശേഷിയറ്റ ശരീരവുമായി കിടക്കയില്‍ കഴിഞ്ഞ സരസു മുന്നില്‍ തുറന്നിട്ട ചെറിയ ജാലകത്തിലൂടെ തനിക്ക് വീണുകിട്ടിയ അറിവുകളും വേദനിപ്പിക്കുന്ന അനുഭവങ്ങളും നില്‍ക്കെ ആത്മകഥ പൂര്‍ത്തിയാക്കി, ''ഇതാണെന്‍റെ കഥയും ഗീതവും''.

സരസുവിന്‍റെ തളര്‍ന്നുപോയ ശരീരത്തില്‍ ആകെ ചലിപ്പിക്കാന്‍ കഴിയുന്നത് കഴുത്തും കൈവിരലുകളും മാത്രമാണ്. തളരാത്ത ഇച്ഛാശക്തിയോടെ സാഹചര്യങ്ങള്‍ക്ക് കീഴ്പ്പെടാതെ സരസു ജ-ീവിതത്തെ നോക്കിക്കാണുന്നു. ഒരു ജ-ന്മം മുഴുവന്‍ തന്നെ ഒരു കട്ടിലില്‍ തളച്ചിട്ട വിധിയുടെ മുന്നില്‍ കണ്ണുനിറയാതെ- വിനീതമായൊരു പുഞ്ചിരിയോടെ തനിക്ക് നേരിട്ട ദുര്‍വിധിയെ അവര്‍ നേരിടുന്നു.


തന്‍റെ ആത്മകഥയെപ്പറ്റി സരസു ഇങ്ങനെ എഴുതിയിരിക്കുന്നു, ''മരിച്ചു മണ്‍മറയുന്ന പതിനായിരങ്ങളില്‍ ഒന്നിനു പോലും ജനന സഹന മരണത്തിനപ്പുറമായി എന്തെങ്കിലും ചരിത്രം ശേഷിക്കുന്നില്ല എന്നിരിക്കെ ലോകമോ ജ-ീവിതമോ എന്തെന്നറിയാതെ നാലു ചുമരുകള്‍ക്കുള്ളില്‍ കിടക്കയില്‍ തന്നെ കഴിയുന്ന എനിക്ക് ആത്മകഥയെഴുതാനുള്ള വിലപ്പെട്ട അനുഭവ സമ്പത്തോ ഒരു പുസ്തകം രചിക്കുന്നതിനുള്ള ഭാഷാ നൈപുണ്യമോ ഇല്ല. എന്നാല്‍ എന്നെക്കാണുന്നതിലേറെ എന്നില്‍ നിന്നും കേട്ടതിലേറെ എന്നെപ്പറ്റി അറിയുന്നവരാകരുത് എന്നാഗ്രഹമുണ്ട്.

തന്‍റെ എഴുത്ത് അത്ര മഹത്തരമല്ലെന്ന പ്രഖ്യാപനത്തോടെ സരസു എഴുതുന്നത് വൈകല്യം ബാധിച്ച് തളര്‍ന്നുപോയ അനേകര്‍ക്ക് വേണ്ടിയാണ്. ഒരു വരിയെങ്കിലും അവക്ക് ആശ്വാസം പകരുമെങ്കില്‍ ഇത് വായിക്കുന്ന ഒരാള്‍ക്കെങ്കിലും അവരോടുള്ള മനസ്ഥിതിക്ക് മാറ്റം വരുമെങ്കില്‍ അതുമാത്രം മതി തന്‍റെ ആശ്വാസത്തിന് എന്നവര്‍ വിശ്വസിക്കുന്നു.

സ്ത്രീകള്‍ക്കു വേണ്ടി ഒരു ദിവസം വരുമ്പോള്‍ സരസുവിനെ മറന്നുകളയാന്‍ കഴിയുകയില്ല. നിസ്സാരങ്ങളായ പ്രതിബന്ധങ്ങള്‍ക്കു മുന്നില്‍ തളര്‍ന്നു പോകുന്ന പുതിയ തലമുറയ്ക്ക് കണ്ടുപടിക്കാന്‍ കഴിയുന്ന വ്യക്തിത്വമാണ് സരസു. സ്വാധീനമില്ലാത്ത കൈകള്‍കൊണ്ട് പ്രതീക്ഷയേതുമില്ലാതെ സരസു എഴുതുന്നത് മറ്റുള്ളവര്‍ക്കു വേണ്ടിയാണ്. വൈകല്യങ്ങള്‍ക്ക് കീഴ്പ്പെട്ട് ദുഖിക്കുന്നവര്‍ക്ക് വേണ്ടി സരസു വ്യത്യസ്ഥയാകുന്നതും അവിടെയാണ്.