ഒറ്റപ്പെട്ടു, നിസ്സഹായയായി, ഇനിയെന്നെ മാറ്റിയെടുക്കാനാവില്ലെന്ന് തോന്നി; ജീവിതത്തിലെ ഇരുണ്ട കാലങ്ങളെ കുറിച്ച് പാർവതി തിരുവോത്ത്
സിനിമയിൽ സജീവമായിരിക്കുമ്പോഴും താൻ നേരിട്ട പ്രതിസന്ധി ഘട്ടത്തെ കുറിച്ച് മനസ് തുറക്കുകയാണ് നടി പാർവതി തിരുവോത്ത്. 2021-ൽ താൻ നേരിട്ട അതിരൂക്ഷമായ ആത്മഹത്യാ പ്രവണതയെക്കുറിച്ചും മാനസിക സംഘർഷങ്ങളെക്കുറിച്ചും ഹൗട്ടർഫ്‌ളൈ പോഡ്കാസ്റ്റിലാണ് താരം തുറന്നുപറയുന്നത്. ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ താൻ വല്ലാതെ ഒറ്റപ്പെട്ടുപോയിട്ടുണ്ടെന്നും വലിയ നിസ്സഹായത അനുഭവിച്ചിട്ടുണ്ടെന്നും പാർവതി പറയുന്നു. മുപ്പതുകളുടെ അവസാനത്തോടെ താൻ തന്നെ കൂടുതൽ തിരിച്ചറിയാനിടയായി. സുഹൃത്തുക്കളെ കുറിച്ചും സൗഹൃദങ്ങളെ കുറിച്ചുമുള്ള കാഴ്ചപ്പാടിൽ മാറ്റം വന്നു. തെറാപ്പിയാണ് തന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സഹായിച്ചതെന്നും പാർവതി തിരുവോത്ത് കൂട്ടിച്ചേർത്തു.
'ഒരു പബ്ലിക് ഫിഗർ എന്ന നിലയിൽ എന്നെ മുൻവിധികളില്ലാതെ കാണുന്ന ഒരു തെറാപ്പിസ്റ്റിനെ കണ്ടെത്തുക എന്നത് എനിക്ക് വലിയ പ്രയാസമായിരുന്നു. തുടക്കകാലത്ത് യുഎസിൽ നിന്നുള്ള തെറാപ്പിസ്റ്റുകളെയായിരുന്നു കൺസൾട്ട് ചെയ്തിരുന്നത്. ഏഷ്യൻ തെറാപ്പിസ്റ്റുകൾക്ക് മാത്രമേ ഏഷ്യക്കാരെ ശരിയായി ചികിത്സിക്കാൻ കഴിയൂ എന്നാണ് എനിക്ക് തോന്നുന്നത്. ഇന്റർനാഷനൽ തെറാപ്പി നമ്മുടെ നാട്ടിലെ ആളുകളിൽ അത്ര ഫലപ്രദമാകണമെന്നില്ല. കാരണം നമ്മുടെ ഇവിടുത്തെ രീതികൾ തികച്ചും വ്യത്യസ്തമാണ്. പക്ഷേ, അവിടെയും ഒരു പ്രശ്നമുണ്ട്. ചില റെഡ് ഫ്ലാഗ്സ് ഉള്ള നാടൻ തെറാപ്പിസ്റ്റുകൾ കാര്യങ്ങൾ കൂടുതൽ വഷളാക്കിയേക്കാം. കാരണം നമ്മുടെ സംസ്കാരത്തിന്റെ നൂലാമാലകൾ അവർക്ക് കൃത്യമായി അറിയാം, അത് ഉപയോഗിച്ച് അവർക്ക് നമ്മെ കൂടുതൽ കുടുക്കിലാക്കാൻ സാധിക്കും. ഒരുപാട് പ്രയാസപ്പെട്ട സമയമായിരുന്നു അത്. ആ സമയത്ത് വല്ലാതെ ഒറ്റപ്പെട്ടുപോയിരുന്നു. പുതിയ തെറാപ്പിസ്റ്റുകളെ പരീക്ഷിക്കുകയാണെന്ന് സുഹൃത്തുക്കളോട് പറഞ്ഞെങ്കിലും അതൊന്നും ശരിയായില്ല. പഴയ ജീവിതത്തിലേക്ക് തിരിച്ചുപോക്കില്ലെന്ന് വരെ കരുതിയ സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. ആത്മഹത്യാ പ്രവണതകളും ആ സമയത്തുണ്ടായിരുന്നു. 2022 ജനുവരി, ഫെബ്രുവരി മാസങ്ങളൊക്കെ എനിക്ക് ഇപ്പോഴും ഒരു മങ്ങൽ പോലെയാണ് ഓർമയിലുള്ളത്. ഫോൺ ഗാലറി നോക്കുമ്പോൾ മാത്രമാണ് ആ സമയത്ത് നടന്ന കാര്യങ്ങൾ എനിക്ക് തിരിച്ചറിയാൻ കഴിയുന്നത്. പക്ഷേ ഇപ്പോൾ തെറാപ്പി എനിക്ക് ഗുണകരമാകാൻ തുടങ്ങിയിട്ടുണ്ട്', പാർവതി പറഞ്ഞു.
ഇപ്പോൾ താൻ രണ്ട് തരം തെറാപ്പികൾ ചെയ്യുന്നുണ്ടെന്നും താരം വെളിപ്പെടുത്തുന്നുണ്ട്. ഇ എം ഡി ആർ (ഐ മൂവ്‌മെന്റ് ഡീസെൻസിറ്റൈസേഷൻ ആൻഡ് റീപ്രൊസസിങ്), 'ട്രോമ ഇൻഫോംഡ്' തെറാപ്പിസ്റ്റ് എന്നിവരാണ് തനിക്കുള്ളതെന്നും നടി പറഞ്ഞു.
'എന്റെ ഉള്ളിലെ ശക്തിയെക്കുറിച്ചും അപമാനഭാരം ശരീരത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകൾ ഇ എം ഡി ആർ വഴി അവർ വ്യക്തമാക്കി. കൂടാതെ എനിക്കൊരു സെക്സ് തെറാപ്പിസ്റ്റും ഉണ്ട്. ചുരുക്കത്തിൽ ജോലി, സുഹൃത്തുക്കൾ, കുടുംബം, പിന്നെ എന്നെത്തന്നെ കൂടുതൽ അറിയാനുള്ള ഈ പരിശ്രമങ്ങൾ ഇവ കൊണ്ടൊക്കെ എന്റെ ജീവിതം ഇപ്പോൾ മാറിയിട്ടുണ്ട്. മുപ്പതുകളുടെ അവസാനമാകുമ്പോൾ നമ്മൾ നമ്മളോട് തന്നെ കൂടുതൽ അടുക്കുമെന്ന് ആളുകൾ പറയുന്നത് ശരിയാണ്. അപ്പോൾ കൂട്ടുകെട്ടുകളെക്കുറിച്ചുള്ള നമ്മുടെ സങ്കൽപ്പം പോലും മാറും. ജീവിതം കുറച്ചുകൂടി സംതൃപ്തമായി തോന്നും' –പാർവതി പറഞ്ഞു.