കുഞ്ഞുവാവയെ ശ്രദ്ധിക്കണം; 1000 ദിവസങ്ങളില്‍ മുടക്കാന്‍ പാടില്ലാത്ത 21 കാര്യങ്ങള്‍

Webdunia
ബുധന്‍, 31 ഓഗസ്റ്റ് 2016 (17:57 IST)
ആദ്യ 1000 ദിവസങ്ങള്‍ ഒരു വ്യക്തിയുടെ ജീവിത്തില്‍ വളരെയേറെ പ്രാധാന്യം ഉള്ളവയാണ്. വ്യക്തി, കുടുംബം, സമൂഹം എന്നീ തലങ്ങളിലുള്ള പെരുമാറ്റ രീതികളാണ് ഈ 21 കാര്യങ്ങളില്‍ ഭൂരിപക്ഷവും. ഇവയില്‍ 10 എണ്ണം കുട്ടികളും നാലെണ്ണം അമ്മമാരും മൂന്നെണ്ണം കൌമാരത്തിലുള്ളവരും നാലെണ്ണം എല്ലാവരും ചെയ്യേണ്ടതാണ്.
 
ഒരു കുഞ്ഞിന്റെ ആദ്യ രണ്ടു വര്‍ഷങ്ങളില്‍ ഉണ്ടാകുന്ന വളര്‍ച്ചാമുരടിപ്പും ദോഷഫലങ്ങളും 1000 ദിവസത്തിനു ശേഷം പരിഹരിക്കാന്‍ കഴിയില്ല. ഈ 21 കാര്യങ്ങള്‍ പൂര്‍ത്തിയായില്ലെങ്കില്‍ അവസരങ്ങളുടെ ഈ ജനാല അടഞ്ഞുപോകും. എന്നാല്‍, ഈ 21 കാര്യങ്ങളില്‍ മിക്കതിലും കേരളം മറ്റു സംസ്ഥാനത്തേക്കാള്‍ മുന്നിലാണ്. എന്നാല്‍, കേരളം താരതമ്യപ്പെടുത്തേണ്ടത് വികസിത രാജ്യങ്ങളുമായാണ്.
 
ആദ്യം 1000 ദിവസങ്ങളില്‍ ശ്രദ്ധിക്കേണ്ട 21 കാര്യങ്ങള്‍
 
1. ഗര്‍ഭിണികള്‍ ഇരുമ്പ് ധാരാളം അടങ്ങിയ ആഹാരം, ഐ എഫ് എ ടാബ്‌ലറ്റുകള്‍ എന്നിവ കഴിച്ച് അനീമിയ കുറയ്ക്കുക.
 
2. ഗര്‍ഭിണികള്‍ പോഷകാഹാരം കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വിറ്റാമിന്‍ എ, കാല്‍സ്യം, സിങ്ക് എന്നിവ ഗര്‍ഭിണികള്‍ക്ക് പ്രത്യേകമായി നല്കണം.
 
3. വിശ്രമം, വൈദ്യപരിശോധന എന്നിവ ഗര്‍ഭിണികള്‍ക്ക് ഉറപ്പു വരുത്തുക.
 
4. മികച്ച ചികിത്സയും ഭക്ഷണരീതിയും ഉറപ്പു വരുത്തി സമയമെത്താതെയുള്ള പ്രസവവും കുട്ടികളുടെ തൂക്കക്കുറവും തടയുക.
 
5. മികച്ച നവജാതശിശുപരിചരണം ഉറപ്പുവരുത്തുക
 
6. കുട്ടികളില്‍ ജന്മനാ കാണുന്ന ഹൃദ്‌രോഗവും കുട്ടികളിലെ ജനന വൈകല്യങ്ങളും ചികിത്സിക്കുകയും പ്രതിരോധിക്കുകയും ചെയ്യുക.
 
7. കുട്ടികളിലെ ന്യൂമോണിയ, വയറിളക്കം, വിരശല്യം എന്നിവ പ്രതിരോധിക്കുകയും ചികിത്സിക്കുകയും ചെയ്യുക.
 
8. കുഞ്ഞിന് ജനിച്ച് ഒരുമണിക്കൂറിനുള്ളില്‍ മുലപ്പാല്‍ നല്കാന്‍ ശ്രദ്ധിക്കുക.
 
9. കുഞ്ഞിന് ആദ്യ ആറുമാസം മുലപ്പാല്‍ മാത്രം നല്കുക.
 
10. കുഞ്ഞിന് ഏഴാംമാസം മുതല്‍ ഗുണനിലവാരമുള്ള ഭക്ഷണം സമയക്രമം അനുസരിച്ച് നല്കുക.
 
11. കുട്ടികളിലെ പോഷകാഹാരക്കുറവും വളര്‍ച്ചാമുരടിപ്പും തടയുക.
 
12. ഒന്നാം ജന്മദിനത്തിന് മുമ്പ് അഞ്ച് പ്രതിരോധ കുത്തിവെപ്പും നിര്‍ബന്ധമായും എടുക്കുക.
 
13. അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് വര്‍ഷത്തില്‍ രണ്ടുതവണ വീതം ഒന്‍പതു പ്രാവശ്യം വിറ്റാമിന്‍ എ നല്കുക.
 
14. അയഡിന്‍ ചേര്‍ത്ത ഉപ്പ് ഉപയോഗിക്കുക.
 
15. ആദ്യ 1000 ദിവസങ്ങളില്‍ കുഞ്ഞുമായി കളിക്കുകയും കുഞ്ഞിനെ ലാളിക്കുകയും പാട്ടു പാടുകയും കഥ പറയുകയും ചെയ്യുക.
 
16. പ്രാഥമിക കൃത്യങ്ങള്‍ കക്കൂസില്‍ മാത്രം നിര്‍വ്വഹിക്കുക
 
17. വീട്ടിലുള്ള എല്ലാവരും ശുദ്ധജലം മാത്രം കുടിക്കുക.
 
18. ഭക്ഷണത്തിനു മുമ്പും പ്രാഥമിക കൃത്യങ്ങള്‍ക്കു ശേഷവും സോപ്പ് ഉപയോഗിച്ച് കൈ കഴുകുക.
 
19. പെണ്‍കുട്ടികളുടെ ആരോഗ്യം ഉറപ്പുവരുത്തുകയും അനീമിയ തടയുകയും ചെയ്യുക,
 
20. പതിനെട്ട് വയസ്സില്‍ താഴെയുള്ള  പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കാതിരിക്കുക.
 
21. പതിനെട്ടു വയസു വരെയുള്ള എല്ലാ പെണ്‍കുട്ടികളുടെയും വിദ്യാഭ്യാസം ഉറപ്പുവരുത്തുക.
 
Source: Cesar G Victoria, Lancet, 2008 
INAP in Guatemala, 1969 - 1977
WHO, 2004
Brazil large cross sectional study, 1997
Next Article