സ്ത്രീ രണ്ടര വര്‍ഷം ടോയ്‌ലറ്റില്‍ കഴിഞ്ഞു!

Webdunia
തിങ്കള്‍, 23 ജനുവരി 2012 (13:34 IST)
മീന്‍ യാന്‍ ലിയോംഗ് എന്ന ചൈനാക്കാരി കഴിഞ്ഞ രണ്ടര വര്‍ഷക്കാലം ജീവിച്ചത് സ്വന്തം വീട്ടിലെ ടോയ്‌ലറ്റില്‍ ആയിരുന്നു. ടോയ്‌ലറ്റില്‍ നിന്നിറങ്ങാന്‍ കൂട്ടാക്കിയില്ല എന്ന് മാത്രമല്ല, ഭക്ഷണവും ഉറക്കവുമെല്ലാം അവിടെ തന്നെ ആയിരുന്നു താനും. 2009 മാര്‍ച്ച് 25 മുതല്‍ 902 ദിവസം വീട്ടിലെ ടൈല്‍ഡ് ടോ‌യ്‌ലറ്റിനകത്ത് കഴിച്ചുകൂട്ടിയതിനേക്കുറിച്ച് 58-കാരിയായ ഈ സ്ത്രീ ഇപ്പോള്‍ വെളിപ്പെടുത്തുകയാണ്.

ഏതോ ഒരു ശക്തി തന്നെ അവിടെ പിടിച്ചിരുത്തുന്നതായി അനുഭവപ്പെട്ടുവെന്നാണ് ലൊയോംഗ് പറയുന്നത്. പക്ഷേ എന്താണ് അങ്ങനെ തോന്നാന്‍ പ്രേരണയായതെന്ന് അറിയില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. ഭര്‍ത്താവ് തയ്യാറാക്കി നല്‍കിയ ബ്രെഡ്, ബിസ്ക്കറ്റ് തുടങ്ങിയ വസ്തുക്കള്‍ മാത്രമാണ് അവര്‍ ഈ കാലയളവില്‍ കഴിച്ചത്.

ടോ‌യ്‌ലറ്റിനകത്ത് പൂര്‍ണ നഗ്നയായാണ് ലിയോംഗ് കഴിഞ്ഞതെന്നും ഇത്രയും കാലത്തിനിടെ 18 തവണ മാത്രമാണ് അവര്‍ കുളിച്ചതെന്നും അവരുടെ ഭര്‍ത്താവ് കിയാന്‍ ആന്‍ ഓംഗ് പറഞ്ഞു. ലിയോംഗിനെ പലവട്ടം പുറത്തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തന്നെ മാത്രമാണ് അവര്‍ കണ്ടത്. താന്‍ ഫോണില്‍ സംസാരിക്കുന്നത് പോലും അവര്‍ക്ക് ഇഷ്ടമല്ലായിരുന്നു. സ്വന്തം മകനോട് പോലും സംസാരിക്കാന്‍ ലിയോഗ് തയ്യാറായില്ല- ഓംഗ് പറഞ്ഞു.

ഒടുവില്‍ എമര്‍ജന്‍സി സര്‍വീസിന്റെ സഹായത്തോടെയാണ് അദ്ദേഹം ലിയോംഗിനെ ആശുപത്രിയില്‍ എത്തിച്ചത്.