സ്ത്രീമേനിയെ തൊട്ടുഴിയാന്‍ വെല്‍‌വെറ്റ്

Webdunia
തിങ്കള്‍, 21 ഫെബ്രുവരി 2011 (15:25 IST)
IFM
പുതുതായി വാങ്ങിയ നെറ്റ് സാരിയിലോ ദുപ്പട്ടയിലോ ഒരിഞ്ചു നീളത്തില്‍ ഒരു വെല്‍‌വെറ്റ് ബോര്‍‌ഡര്‍ കൂടി വച്ചുനോക്കൂ, സംഗതി കലക്കിയില്ലേ? വസ്ത്രങ്ങളില്‍ നൂതന പരിവേഷം സൃഷ്‌ടിക്കാന്‍ ഇത്തവണ ഊഴം ലഭിച്ചിരിക്കുന്നത് വെല്‍‌വെറ്റിനാണ്. ഫാഷന്‍ ലോകത്തെ അടക്കി വാഴാന്‍ വെല്‍‌വെറ്റ് തരംഗം വന്നെത്തുകയായി. പരമ്പരാഗത ഇന്ത്യന്‍ വസ്ത്രങ്ങളായ സാരി, ലഹംഗ, കലിദാര്‍ തുടങ്ങിയവയില്‍ ആരംഭിച്ച വെല്‍‌വെറ്റ് തരംഗം സ്യൂട്ട്, തൊപ്പി, ബാഗ് എന്നിവയിലേക്ക് വരെ വ്യാപിച്ചിരിക്കുകയാണ്.

വെല്‍‌വെറ്റ് തുണിത്തരങ്ങളില്‍ എംബ്രോയിഡറി വര്‍ക്കുകള്‍ക്കു കൂടുതല്‍ സാധ്യതയുള്ളതാണ് സ്വീകാര്യത വര്‍ദ്ധിക്കാനുള്ള പ്രധാന കാരണം. വസ്ത്രങ്ങളിലെ അലങ്കാരപ്പണികളില്‍ ഒരു മുതല്‍ക്കൂട്ടാവാന്‍ ഇതിന് സാധിക്കുന്നു. മനോഹരമായ ഡിസൈനുകളിലുള്ള എംബ്രോയിഡറികള്‍ ആര്‍ക്കും ഗ്ലാമര്‍ പരിവേഷം നല്‍കുമെന്ന് നിശ്ചയം. ആപ്ലിക് വര്‍ക്കുകളില്‍ വെല്‍‌വെറ്റ് സാന്നിധ്യമറിയിക്കുമ്പോള്‍ ഉടയാടകളുടെ ഭംഗി വര്‍ദ്ധിക്കുന്നതായി ഡിസൈനര്‍മാരും അഭിപ്രായപ്പെടുന്നു.

വസ്ത്രങ്ങളില്‍ മാത്രമല്ല, തൊപ്പികള്‍, ഷൂ എന്നിവയിലെല്ലാം വെല്‍‌വറ്റ് തന്നെയാണ് താരം.
പോളിയെസ്‌റ്റര്‍, വിസ്കോസ്, സില്‍ക് എന്നിങ്ങനെ വിവിധതരം വെല്‍‌വെറ്റുകള്‍ വിപണിയിലുണ്ട്. വില അല്‍പ്പം കൂടുതലാണെങ്കിലും ആരും മോഹിച്ചുപോകുന്ന ഒന്നാണ് സില്‍ക് വെല്‍‌വെറ്റ്. എന്നാല്‍, വിസ്കോസും ഒട്ടും പിറകിലല്ല. സില്‍ക്കിന് സമാനമായ പ്രശംസ പിടിച്ചുപറ്റാന്‍ അവയ്ക്കും സാധിക്കുന്നു. വിലയുടെ കാര്യത്തിലും അധികം ആശങ്കപ്പെടേണ്ട കാര്യമില്ല. സില്‍ക് ജോര്‍ജറ്റ് വസ്ത്രങ്ങളില്‍ വെല്‍‌വെറ്റ് കൊണ്ട് എഴുന്നുനില്‍ക്കുന്ന ചിത്രവേലകള്‍ ചെയ്യുന്നതാണ് മറ്റൊരു ഫാഷന്‍. ഇവയ്ക്കും പ്രീതി പിടിച്ചു പറ്റാന്‍ കഴിയുന്നുണ്ടെന്നാണ് ഡിസൈനര്‍മാര്‍ വിലയിരുത്തുന്നത്.

വീതി കൂടിയ വെല്‍‌വെറ്റ് ബോര്‍ഡറുകളില്‍ തുന്നിയുണ്ടാക്കിയ വസ്ത്രങ്ങളാണ് ഉയരം കൂടിയവര്‍ക്ക് ചേരുക. കുന്തന്‍ വര്‍ക്കുകളുള്ള വെല്‍‌വെറ്റ് ഷെര്‍വാണിയും ജാക്കറ്റുകളും ഇഷ്‌ടപ്പെടുന്നവരും നിരവധിയാണ്. എന്നാല്‍, എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമാവില്ല എന്നൊരു ന്യൂനത ഇതിനുണ്ട്.

എന്നാലിനി വൈകിക്കേണ്ട, വെല്‍‌വെറ്റില്‍ തിളങ്ങാന്‍ തയ്യാറെടുത്തുകൊള്ളൂ. ഒപ്പം ഒരു വെല്‍‌വെറ്റ് ബാഗുകൂടി തിരഞ്ഞെടുക്കാന്‍ മറക്കണ്ട.