കോര്‍ബറ്റ്..പ്രകൃതിയുടെ രഹസ്യങ്ങള്‍

Webdunia
PTI
അരിച്ചു കടന്നെത്തുന്ന സൂര്യപ്രകാശം ഇരുട്ടിനെ അകറ്റാനുള്ള യുദ്ധത്തിലാണ്....നിബിഡ വനം ബാലാര്‍ക്കന്‍റെ പ്രകാശത്തെ അത്രയൊന്നും കാര്യമാക്കുന്നുമില്ല. കോര്‍ബറ്റ് ദേശീയ പാര്‍ക്കിലെ ഒരു പ്രഭാതം തുടങ്ങുന്നത് ഇങ്ങനെയാണ്.

ഉത്തരാഞ്ചലിലെ നൈനിറ്റാള്‍, പൌരി ഗര്‍‌വാള്‍, ബിജനോര്‍ ജില്ലകളിലായാണ് ജിം കോര്‍ബറ്റ് പാര്‍ക്ക് പരന്ന് കിടക്കുന്നത്. കാണ്ടാമൃഗങ്ങള്‍, ബംഗാള്‍ കടുവകള്‍, ഏഷ്യന്‍ ആനകള്‍ തുടങ്ങി ഈ ദേശീയോദ്യാനത്തില്‍ വിഹരിക്കുന്ന കാനനവാസികളുടെ നിര നീളുന്നു.

മൊത്തം 488 സ്പിഷീസുകളിലുള്ള സസ്യസമ്പത്താണിവിടെയുള്ളത്. ദേശാടത്തിനെത്തുന്നതും അല്ലാത്തതുമായ 585 ജാതി പക്ഷികളും സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു.

പ്രകൃതി നല്‍കിയ പുള്ളിക്കുപ്പായമണിഞ്ഞ പുലികള്‍, സാമ്പാര്‍ മാനുകള്‍, ശീതള്‍, കൃഷ്ണമൃഗം, ഹിമാലയന്‍ കരടികള്‍, മുതലകള്‍ തുടങ്ങിയവയും കോര്‍ബറ്റ് സങ്കേതത്തില്‍ വിഹരിക്കുന്നു.

കൂടുതലും പര്‍വത മേഖലയിലാണ് കോര്‍ബറ്റ് വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത്. ഹിമാലയത്തിനും ശിവാലിക്കിനുമിടയിലുള്ള താഴ്‌വരയും കോര്‍ബറ്റിനെ മനോഹരമാക്കുന്നു. കിഴക്കുനിന്ന് പടിഞ്ഞാറേക്ക് ഒഴുകുന്ന ഗംഗയുടെ പോഷക നദി രാമഗംഗ ഇവിടെ പ്രകൃതി സൌന്ദര്യത്തിന് കടുത്ത വര്‍ണമാണ് നല്‍കുന്നത്.

ഹെയ്‌ലി നാഷണല്‍ പാര്‍ക്ക് എന്ന പേരില്‍ 1936 ല്‍ ആണ് ഈ വന്യജീവി സംരക്ഷണ കേന്ദ്രം ആരംഭിച്ചത്. സ്വാതന്ത്ര്യം ലഭിച്ച ശേഷം 1947 ല്‍രാമഗംഗ നാഷണല്‍ പാര്‍ക്ക് എന്ന പേരില്‍ അറിയപ്പെട്ടു. പിന്നീട്, 1956 മുതല്‍ പ്രശസ്ത പ്രകൃതി സ്നേഹി ജിം കോര്‍ബറ്റിന്‍റെ പേരിനൊപ്പം ഇവിടം അറിയപ്പെടാന്‍ തുടങ്ങി.