വീട്ടില്‍ ഐശ്വര്യം കളിയാടാന്‍

Webdunia
ചൊവ്വ, 27 ഒക്‌ടോബര്‍ 2009 (20:21 IST)
PRO
വാസ്തുശാസ്ത്രപ്രമായ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വീട് നിര്‍മ്മിക്കുന്നതിലൂടെ ഐശ്വര്യവും സമാധാനവും കളിയാടുന്ന ഒരു ജീവിതം സ്വന്തമാക്കാന്‍ സാധിക്കും. പ്രാപഞ്ചിക ഊര്‍ജ്ജവും വീടിനുള്ളിലെ ഊര്‍ജ്ജവും തമ്മിലുള്ള ഒരു താദാത്മ്യമാണ് വാസ്തു ശാസ്ത്രത്തിലൂടെ ലക്‍ഷ്യമിടുന്നത്.

ജനസംഖ്യയില്‍ കാര്യമായ വര്‍ദ്ധന ഉണ്ടാവുന്നതിനാല്‍ നമുക്ക് ആഗ്രഹിക്കുന്ന രീതിയിലുള്ള ഭൂമി വാങ്ങാന്‍ കഴിഞ്ഞു എന്നുവരില്ല. ഇതിനായി ഒന്നുമാത്രമേ നമുക്ക് ചെയ്യാന്‍ കഴിയൂ, ലഭ്യമാവുന്ന ഭൂമി സ്വന്തമാക്കുക. അതിനുശേഷം വേണ്ട പരിഹാരങ്ങള്‍ ചെയ്യുകയും വാസ്തു നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുകയും ചെയ്യുക.

വൃത്താകൃതി, മൂന്ന് കോണ്‍, അഞ്ച് കോണ്‍, ആറ് കോണ്‍, അര്‍ദ്ധചന്ദ്രാകൃതി എന്നീ ആകൃതികളിലുള്ള വസ്തു ഗൃഹനിര്‍മ്മാണത്തിന് അനുയോജ്യല്ല എന്നു മാത്രമല്ല വര്‍ജ്ജ്യവുമാണ്. ചതുരം സമചതുരം എന്നീ ആകൃതിയിലുള്ള വസ്തുക്കളാവട്ടെ നല്ല ഊര്‍ജ്ജനില പ്രദാനം ചെയ്യുമെന്നതിനാല്‍ ഗൃഹ നിര്‍മ്മാണത്തിന് ഉത്തമവുമാണ്.

സമചതുരാകൃതിയിലുള്ള വസ്തുവില്‍ വീട് വച്ച് താമസിക്കുന്നവര്‍ക്ക് സര്‍വ സൌഭാഗ്യങ്ങളും ആരോഗ്യവും സന്തോഷവും ലഭിക്കും. ഇവിടെ ഊര്‍ജ്ജ നില സന്തുലിതമായതിനാലാണിത്. ദീര്‍ഘ ചതുരാകൃതിയിലുള്ള വസ്തുവിന്റെ നീളവും വീതിയും 2:1 എന്ന അനുപാതം പാലിക്കണം. ഇങ്ങനെ ആയിരുന്നാല്‍ ഊര്‍ജ്ജ നിലയില്‍ കാര്യമായ വ്യത്യാസം വരാതിരിക്കുകയും താമസക്കാര്‍ക്ക് സൌഭാഗ്യങ്ങള്‍ ലഭിക്കുകയും ചെയ്യും. ഭൂമിയുടെ ചരിവ് വടക്ക് കിഴക്ക് ദിശയിലായിരിക്കുകയും വേണം.

വസ്തു അഭികാമ്യമായ ആകൃതിയില്‍ രൂപപ്പെടുത്തിയ ശേഷം മാത്രമേ ഗൃഹ നിര്‍മ്മാണം ആരംഭിക്കാവൂ എന്നാണ് വാസ്തു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ചവിട്ടുമ്പോള്‍ മുഴക്കം കേള്‍ക്കുക, കിഴക്കോട്ട് വെള്ളമൊഴുകുക, മിനുസമുള്ള് മണ്ണ് ഉണ്ടായിരിക്കുക ഇതെല്ലാം വാസയോഗ്യമായ വസ്തുവിന്റെ ലക്ഷണമാണ്. വസ്തുവില്‍ ഒരു കുഴി കുഴിച്ച് അതില്‍ വീണ്ടും മണ്ണ് നിറച്ചാല്‍ കുഴിച്ചെടുത്ത മണ്ണ് അധികം വരുന്നതും നല്ല ഭൂമിയുടെ ലക്ഷണമായി കണക്കാക്കുന്നു.