വാസ്തു വീടിനുള്ളില്‍

Webdunia
SasiWD
പ്രപഞ്ചവും ആവാസസ്ഥാനവും തമ്മിലുള്ള സന്തുലിതാവസ്ഥയാണ് വാസ്തു ശാസ്ത്രം കൊണ്ട് നേടേണ്ടത്. വീട് അല്ലെങ്കില്‍ സ്ഥാപനം സന്തുലനത്തിന് ഭംഗം വരുത്തരുത്. വാസ്തു ശാസ്ത്രം അനുശാസിക്കുന്ന രീതിയില്‍ നിര്‍മ്മിതി കഴിഞ്ഞാലും ചിലകാര്യങ്ങളില്‍ കൂടി ശ്രദ്ധ പതിപ്പിക്കേണ്ടിയിരിക്കുന്നു.

ജീവിത സംഘര്‍ഷം കുറയ്ക്കാനും ഒപ്പം ചുറ്റുപാടുകളുമായി സമരസപ്പെട്ടുപോവാനും അതുവഴി ജീവിത സുഖം കൂട്ടാനും ഇനിപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം.

ഫര്‍ണിച്ചറുകള്‍ കിഴക്ക് അല്ലെങ്കില്‍ വടക്ക് ദിക്കുകള്‍ക്ക് അഭിമുഖമായിട്ട് വേണം ക്രമീകരിക്കാന്‍. അതുപോലെതന്നെ വടക്ക് കിഴക്ക് ഭാഗത്തുള്ള മുറികള്‍ പൊടിയടിഞ്ഞ് അലങ്കോലപ്പെട്ടു കിടക്കാന്‍ അനുവദിക്കരുത്.

എല്ലാ മുറികളുടെയും വടക്ക് കിഴക്ക് മൂല വൃത്തിയായിരിക്കാന്‍ ശ്രദ്ധിക്കണം. വടക്ക് കിഴക്ക് ഭാഗത്തുള്ള മുറികള്‍ മുതിര്‍ന്നവരുടെ ഉപയോഗത്തിനാണ് ഉത്തമം. ഈ മുറികള്‍ക്ക് വെളുത്ത നിറം നല്‍കുന്നതും നല്ലതാണ്.

ഉറങ്ങുമ്പോള്‍ ശിരോഭാഗം തെക്ക് അല്ലെങ്കില്‍ കിഴക്ക് ദിക്കിലായിരിക്കണം. മുതിര്‍ന്നവര്‍ക്ക് തെക്കോട്ടും ചെറുപ്പക്കാര്‍ക്ക് കിഴക്കോട്ടും തലവയ്ക്കാം.

ഇലക്ട്രോണിക്, ഇലക്ട്രിക് ഉപകരണങ്ങള്‍ മുറിയുടെ തെക്ക് കിഴക്ക് ഭാഗത്തായിട്ടു വേണം വയ്ക്കേണ്ടത്.

മാലിന്യ നിക്ഷേപത്തിന് വീടിന്‍റെ വടക്ക് പടിഞ്ഞാറ് ഭാഗമാണ് ഉത്തമം. ഇക്കാര്യം മുറികള്‍ക്കും ബാധകമാണ്.

ചെറിയ ഇന്‍ഡോര്‍ പ്ലാന്‍റുകള്‍ മുറിയുടെ വടക്ക്, കിഴക്ക്,വടക്ക് കിഴക്ക് ഭാഗങ്ങളില്‍ വയ്ക്കാം. വലിയ പ്ലാന്‍റുകള്‍ തെക്ക്, പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് ഭാഗങ്ങളില്‍ വയ്ക്കുന്നതാണ് നല്ലത്. കണ്ണാടികള്‍ വടക്ക് അല്ലെങ്കില്‍ കിഴക്ക് ഭിത്തികളില്‍ തൂക്കുന്നതാണ് ഉത്തമം.