നിര്‍മ്മാണം നടക്കുന്ന ഭൂമിയുടെ ആള്‍ രൂപം എന്ന് വേണമെങ്കില്‍ വാസ്തുപുരുഷനെ കുറിച്ച് വിശദീകരിക്കാം. ഭൂമിയെന്നാലോ ദേവീ സങ്കല്‍പ്പം തന്നെ. ദേവിയെ നോക്കുന്ന രീതിയിലാണ്, മുഖം കുനിച്ച്, വാസ്തുപുരുഷന്‍റെ കിടപ്പ്.
വാസ്തുപുരുഷന്‍ എപ്പോഴും ഒരേ ദിശയിലായിരിക്കും കിടക്കുക എന്ന ധാരണ പലര്‍ക്കും ഉണ്ടാവാം. ഇത് തെറ്റാണ്. വാസ്തു പുരുഷന് മൂന്ന് സ്ഥിതികളാണ് ഉള്ളതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. നിത്യ വാസ്തു, ചരവാസ്തു, സ്ഥിരവാസ്തു എന്നിങ്ങനെയാണ് വാസ്തുപുരുഷ സ്ഥിതികള്‍.
നിത്യ വാസ്തു പ്രകാരം വാസ്തുപുരുഷന്‍റെ നില എല്ലാ മൂന്ന് മണിക്കൂറിലും മാറുന്നു എന്നാണ് വിശ്വാസം. ദൈനംദിന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിത്യ വാസ്തുവിന്‍റെ സ്ഥാനമാറ്റത്തിന് അനുസൃതമായി വേണമെന്നാണ് ശാസ്ത്രം.
ചരവാസ്തു അനുസരിച്ച് എല്ലാ ചാന്ദ്രമാസത്തിലും വാസ്തുപുരുഷന്‍റെ സ്ഥാനം മാറുന്നു. കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട എല്ലാ പ്രധാന സംഗതികളും ചരവാസ്തുവിനോട് ബന്ധപ്പെട്ടിരിക്കുന്നു. നിര്‍മ്മാണത്തിന്‍റെ തുടക്കം, പ്രധാനവാതില്‍ അല്ലെങ്കില്‍ കട്ടിള വയ്പ്, കിണര്‍ കുഴിക്കല്‍, പാലുകാച്ച് തുടങ്ങിയ കാര്യങ്ങള്‍ക്കെല്ലാം ചരവാസ്തു നോക്കേണ്ടതുണ്ട്.
വാസ്തുപുരുഷന്‍ മുഖം കുനിച്ച് തല വടക്ക്-കിഴക്ക് ദിശയിലാക്കി കിടക്കുന്ന അവസ്ഥയാണ് സ്ഥിരവാസ്തു. ഈ അവസ്ഥയില്‍ വാസ്തു പുരുഷന്‍റെ കാല് തെക്ക്-പടിഞ്ഞാറ് ദിശയിലും കാല്‍മുട്ടുകളും കൈമുട്ടുകളും തെക്ക്-കിഴക്ക്, വടക്ക്-പടിഞ്ഞാറ് ദിശയിലുമായിരിക്കും. മുറികള്‍, വാതിലുകള്‍, ജനാലകള്‍ തുടങ്ങിയവയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് ഈ അവസ്ഥയ്ക്ക് പ്രാധാന്യം.