നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടിപാർലറിന് നേരെ വെടിവയ്പ്പ് നടത്തിയ രണ്ടംഗ സംഘം മലയാളികളാണെന്ന നിഗമനത്തിലേക്ക് പൊലീസ്.
വെടിവയ്പ്പ് നടത്തിയവര്‍ സംഭവ സ്ഥലത്തു ഉപേക്ഷിച്ച പേപ്പറില്‍ ഹിന്ദിയില്‍ ‘രവി പൂജാരി’ എന്നെഴുതിയിരുന്നു. കുറിപ്പിലെ ഹിന്ദി അക്ഷരങ്ങൾ മലയാളികൾ ഹിന്ദി എഴുതുന്ന വടിവിലുള്ളതാണെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
ഈ സാഹചര്യത്തില്‍ കുറിപ്പ് ഗ്രാഫോളജിസ്റ്റുകളുടെ സഹായത്തോടെ ശാസ്ത്രീയമായി പരിശോധിക്കാനാണു പൊലീസ് തീരുമാനം. ഹിന്ദി മാതൃഭാഷയായിട്ടുള്ളവർ ര, വ, പ, ജ എന്നീ അക്ഷരങ്ങൾ സാധാരണ എഴുതുന്ന രീതിയിലല്ല കുറിപ്പിലെ അക്ഷരങ്ങള്‍ എന്നതാണ് പൊലീസിനെ ഇത്തരമൊരു നീക്കത്തിനു പ്രേരിപ്പിക്കുന്നത്.
വെടിവയ്പ്പിനും പിന്നില്‍ കുഴല്‍പ്പണ ഇടപാടാണെന്ന സംശയം ബലപ്പെടുന്നുണ്ട്. ദിവസങ്ങൾക്കു മുമ്പ് കൊച്ചിയിലെത്തിയ വൻതുകയുടെ കുഴൽപ്പണം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണു വെടിവയ്‌പ്പിനു കാരണമായതെന്നാണു പൊലീസിന്റെ നിഗമനം.
മുംബൈ അധോലോക നായകൻ രവി പൂജാരിയുടെ പേരില്‍ മറ്റാരെങ്കിലും നടത്തിയ ആക്രമണമാണോ ഇതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. രവി പൂജാരിയുടെ പേര് ഹിന്ദിയിൽ എഴുതിയ കടലാസ് അക്രമികൾ സംഭവ സ്ഥലത്ത് ഉപേക്ഷിച്ചതും വെടിവയ്‌പ്പ് നടത്തി സംഘം രക്ഷപ്പെട്ടതും നാടകമാണോ എന്നും പൊലീസ് സംശയിക്കുന്നു.
ചെറിയ ബന്ധങ്ങളും ഇടപാടുകളും രവി പൂജാരിയുടെ സംഘം കൈകാര്യം ചെയ്യില്ല. ലീന മരിയ പോള്‍ നേരത്തെ സാമ്പത്തിക തട്ടിപ്പുകേസുകളിൽ പ്രതിയായിരുന്നു എന്നതും പൊലീസിനെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.