പൊന്നാനി കടവനാട്ടെ കയര്‍തൊഴിലാളിയായിരുന്ന അപ്പുണ്ണിക്ക് ഒരു മോഹമുണ്ട്. നടന്‍ മമ്മൂട്ടിയെ കാണണം എന്നതാണ് ആ മോഹം. ഒരു സിനിമാ താരത്തോടുള്ള സ്ഥിരം ആരാധന കൊണ്ടല്ല അപ്പുണ്ണി മമ്മൂട്ടിയെ കാണണം എന്ന് പറയുന്നത്. തന്റെ ജീവിതം ഇന്നും തുടരുന്നതിന് കാരണമായ മനുഷ്യൻ എന്ന നിലയിലാണ്. പ്രമുഖ ചിത്രകാരനും ഫോട്ടോഗ്രാഫറുമായ കെ.ആര്‍ സുനിലാണ് അപ്പുണ്ണിയുടെ ജീവിതം ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലൂടെ അവതരിപ്പിച്ചത്. പോസ്റ്റിന്റെ പൂർണരൂപം:
അപ്പുണ്ണിയേട്ടന്റെ മമ്മുട്ടി
കയർ തൊഴിലാളികളുടെ ജീവിതം പകർത്താനായാണ് ഒരു സുഹൃത്തുമായി പൊന്നാനിയിലെ കടവനാട് എത്തിയത്. എന്നാൽ പ്ലാസ്റ്റിക് കയറുകൾ മാർക്കറ്റിൽ സുലഭമായതും യന്ത്രവൽകൃത കയറുൽപ്പന്നങ്ങളുടെ നിർമ്മാണം തുടങ്ങിയതും കനോലി കനാലിന്റെ തീരത്തെ തൊഴിലാളികളുടെ ജീവിതത്തെ സാരമായിത്തന്നെ ബാധിച്ചു. രാത്രിപകലെന്നില്ലാതെ കേട്ടിരുന്ന ചകിരിതല്ലുന്ന ശബ്ദം നിലയ്ക്കുകയും കയറുപിരിച്ചിരുന്ന കയ്യാലകൾ കാണാതാകുകയും ചെയ്തു. പലരും മറ്റു തൊഴിലുകൾ തേടിപ്പോയി.
ആ ഗ്രാമത്തിലെ ചെറിയ റോഡിലൂടെ ചെന്നെത്തിയത് തികച്ചും സാധാരണക്കാർ താമസിക്കുന്ന വീടുകൾക്കു മുന്നിൽ. ഞങ്ങളുടെ വാഹനത്തിന്റെ ശബ്ദംകേട്ട് ഒരു വീട്ടിനുള്ളിൽനിന്ന് പ്രായംചെന്ന ഒരാളിറങ്ങിവന്നു. തീരെ മെലിഞ്ഞ ദേഹവും ചുറ്റുപാടുകളും അവരുടെ ജീവിതാവസ്ഥകൾ പറഞ്ഞു.
അപ്പുണ്ണിയെന്നാണ് അദ്ദേഹത്തിന്റെ പേര്. കുറച്ചകലെയായി ഒരിടത്ത് കയറുപിരിക്കുന്ന സ്ഥലമുണ്ടെന്ന് അദ്ദേഹമാണ് പറഞ്ഞത്. അങ്ങോട്ടേക്കുള്ള വഴിയും വിവരിച്ചുതന്നു. ആ നാട്ടുവഴികൾ ഞങ്ങൾക്കു പരിചയമില്ലാത്തതിനാൽ അദ്ദേഹത്തോട് കൂട്ടുവരാമോയെന്ന് ചോദിച്ചു. വിനയംകലർന്ന ചിരിയോടെ മടിച്ചുനിന്നുകൊണ്ട് വഴി ഒന്നുകൂടി പറഞ്ഞുതന്നു. ഇതെല്ലാംകേട്ട് പുറകിൽ ചിരിയോടെ നിന്നിരുന്ന മകൾ വീടിനകത്തുനിന്ന് ഒരു ഷർട്ടെടുത്ത് അച്‌ഛനു കൊടുത്തുകൊണ്ട് ഞങ്ങളോടൊപ്പം പോയിവരാനായി പറഞ്ഞു. കാറിന്റെ മുന്നിലെ ഡോർ തുറന്നുകൊടുത്തപ്പോൾ അദ്ദേഹം പിന്നേയും മടിച്ചുനിന്നു. നിർബന്ധിച്ചപ്പോൾ തെല്ല് സങ്കോചത്തോടെ സീറ്റിലേക്ക് കറിയിരുന്നു. കാറിലെ യാത്ര, പ്രത്യേകിച്ച് മുൻസീറ്റിലിരുന്നുള്ളത് ആ നാട്ടിൻപുറത്തുകാരന് ഒട്ടുംതന്നെ ശീലമില്ലെന്ന് ആ ശരീരഭാഷപറഞ്ഞു. വല്ലാത്തൊരു അപകർഷതാബോധം ആ സാധുമനുഷ്യനിൽ നിറഞ്ഞുനിന്നു.
ഗ്രാമത്തിലെ ചെറിയ റോഡിലൂടെയുള്ള യാത്രക്കിടെ മറ്റാരും കാണാതിരിക്കാനെന്നപോലെ സീറ്റിൽ ചൂഴ്ന്നിരിക്കുന്നതിനിടെ അദ്ദേഹത്തിന് പറഞ്ഞ വഴിതെറ്റിപ്പോയി! വണ്ടി സാവധാനം പിന്നോട്ടെടുത്ത് ശരിയായ റോഡിലേക്ക് കയറി. എന്നും നടന്നുപോകുന്ന വഴി തെറ്റിപ്പറഞ്ഞതിന്റെ ജാള്യതയിലിരിക്കുന്ന അപ്പുണ്ണിയേട്ടന്റെ ആ മാനസികാവസ്ഥയെ മറികടക്കാനായി ജീവിതത്തെക്കുറിച്ചുള്ള ചില കാര്യങ്ങൾ ചോദിച്ചുതുടങ്ങി.
ഒരുകാലത്ത് കനോലി കനാലിന്റെ തീരത്ത് കയറുപിരിക്കുന്നവരുടെ കൂട്ടത്തിൽ അദ്ദേഹവും സജീവമായിരുന്നു.
ആ തൊഴിൽ തന്നെയായിരുന്നു കുടുംബത്തിന്റെ ഏക ജീവിതമാർഗവും. എന്നാൽ വർഷങ്ങൾക്ക് മുൻപുണ്ടായ ഹൃദയാഘാതം എല്ലാ താളവും തെറ്റിച്ചു.
പൊന്നാനിയിലെ ചികിത്സയുമായി കുറേനാളുകൾ കഴിഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. ബൈപാസ് സർജറിയെല്ലാതെ മറ്റു വഴികളൊന്നുംതന്നെയില്ലെന്ന് ഡോക്ടർ തീർത്തുപറഞ്ഞു. അതിനായി വേണ്ടിവരുന്ന മൂന്നുലക്ഷത്തിലേറെ രൂപ ആ കുടുംബത്തിന് ആലോചിക്കാവുന്നതിലും അപ്പുറമായിരുന്നു.
ഇതുവരെ ചികിത്സയൊന്നും ചെയ്തില്ലേ എന്ന് തിരക്കിയപ്പോൾ ഷർട്ടിന്റെ ബട്ടൻ തുറന്ന് ദേഹത്തിലെ ചില പാടുകൾ കാണിച്ചുതന്നു. ആധുനിക സൗകര്യങ്ങളുള്ള വലിയൊരു ഹോസ്പിറ്റലിൽ വെച്ച് വിജയകരമായിത്തന്നെ ബൈപാസ് സർജറി ചെയ്‌തെന്നും എന്നിട്ടിപ്പോൾ പത്ത് വർഷങ്ങൾ കടന്നുപോയെന്നും സൂചിപ്പിച്ചു.
അന്ന് ഇത്രയുംവലിയ സംഖ്യ എങ്ങനെ ഈ മനുഷ്യൻ സംഘടിപ്പിച്ചിട്ടുണ്ടാകുമെന്ന ചോദ്യം മനസിൽ വന്നപ്പോൾത്തന്നെ അദ്ദേഹം പറഞ്ഞു
" മമ്മുട്ടിയാണ് എല്ലാം ചെയ്തുതന്നത്"
സംശയിച്ചു നിൽക്കുന്ന എന്റെ മനസ്സറിഞ്ഞെന്നോണം അദ്ദേഹം തുടർന്നു
"സിനിമാനടൻ മമ്മുട്ടിതന്നെ"
തെല്ല് അതിശയത്തോടെയാണ് ആ വാക്കുകൾ കേട്ടത്. ഒരു ഗ്രാമത്തിന്റെ ഇങ്ങേയറ്റത്ത്, ഇരുട്ടുപരന്നു തുടങ്ങിയ ജീവിതത്തിലേക്ക് ഒരു താരം നന്മയുടെ പ്രകാശം പരത്തുക! നാട്ടിലെ ഒരു കൗൺസിലർ മുഖേനയാണ് പാവപ്പെട്ട രോഗികളുടെ ഹൃദയ ശസ്ത്രക്രിയക്കായി മമ്മുട്ടി 2008ൽ പ്രഖ്യാപിച്ച പദ്ധതിയിലേക്ക് അപ്പുണ്ണിയേട്ടനേയും തിരഞ്ഞെടുത്തത്.
കാറിൽ നിന്നിറങ്ങിയ ശേഷം, വർഷങ്ങളായി ചകിരിച്ചോറും മണ്ണും കൂടിക്കലർന്ന് മാർദ്ദവമായ മണ്ണിലൂടെ കയ്യാല ലക്ഷ്യമാക്കി നടക്കുന്നതിനിടെ അപ്പുണ്ണിയേട്ടനോട് മമ്മുട്ടിയെ കണ്ടിട്ടുണ്ടോ എന്ന് തിരക്കി. ജീവിത സാഹചര്യങ്ങൾകൊണ്ട് സിനിമ കാണുന്ന ശീലമില്ലെന്നും അവസാനം കണ്ടത് മമ്മുട്ടിയുടെ ആദ്യകാല സിനിമയായ 'സ്ഫോടന'മാണെന്നും അത് കയറുപിരിക്കുന്നവരുടെ കഥയാണെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് മമ്മുട്ടിയെ സിനിമയിലോ നേരിട്ടോ കണ്ടിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
ചിത്രങ്ങളെടുത്ത ശേഷം തിരികേയുള്ള യാത്രയിൽ അദ്ദേഹം കാലങ്ങളായി ഉള്ളിലൊതുക്കിയ ഒരാഗ്രഹം പറഞ്ഞു.
"എന്റെ ജീവൻ പോകുംമുൻപ് ഒരിക്കലെങ്കിലും മമ്മുട്ടിയെ നേരിൽ കാണണം.. ദൂരെനിന്നായാലും മതി"