ആയിഷ വിനോദിനെ പ്രണയിച്ചതും, കാഞ്ചന മൊയ്തീനെ പ്രണയിച്ചതും മറക്കുന്നതെങ്ങനെ? - മലയാളികൾ ഓർത്തിരിക്കുന്ന 10 ഡയലോഗുകൾ

Webdunia
വ്യാഴം, 24 മെയ് 2018 (12:51 IST)
ലോകത്ത് ഏറ്റവും അധികം രചിക്കപ്പെട്ടിട്ടുള്ളത് പ്രണയകാവ്യങ്ങളാണെന്ന് ഓഷോ പറഞ്ഞതെത്ര സത്യം. സിനിമകൾക്കും എഴുത്തുകൾക്കും പറയാനുള്ളത് പ്രണയത്തെ കുറിച്ചാണ്. മലയാളത്തിലെ, മലയാളികൾ ഒരിക്കലും മറക്കാത്ത പ്രണയ സംഭാഷണങ്ങൾ എത്രയെണ്ണമുണ്ടെന്ന് എണ്ണിയാൽ തീരില്ല. അതിൽ മികച്ചതെന്ന് തോന്നിയ 10 ഡയലോഗുകൾ ഏതൊക്കെയെന്ന് നോക്കാം. 
 
1. ഞാൻ ഗന്ധർവ്വൻ
 
ഏഴ് രാത്രികളും ഏഴ് പകലുകളും നീണ്ട പീഡനങ്ങൾക്കൊടുവിൽ അവർ എനിക്കെന്റെ ശബ്ദം തിരികെ തന്നു. 
ഒരു വ്യവസ്ഥയിൽ, എന്റെ ഈ ശബ്ദം നിന്നോട് സംസാരിക്കാൻ പാടില്ല. 
നിന്നോട് സംസാരിക്കാനാണെങ്കിൽ എനിക്ക് ശബ്ദം എന്തിന്?.
 
2. തൂവാനത്തുമ്പികൾ
 
ഞാൻ എപ്പോഴും ഓർക്കും, ഓരോ മുഖം കാണുമ്പോഴും ഓർക്കും. 
മുഖങ്ങളുടെ എണ്ണം ഇങ്ങനെ കൂടിക്കൊണ്ടിരിക്കുകയല്ലേ... 
അങ്ങനെ കൂടി കൂടി ഒരു ദിവസം ഇതങ്ങ് മറക്കും. 
മറക്കുമായിരിക്കും അല്ലേ... 
പിന്നെ മറക്കാതെ... 
പക്ഷേ എനിക്ക് മറക്കണ്ട.
 
3. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ
 
വരൂ പ്രിയേ, നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം...
അതികാലത്തെഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളികൾ തളിർത്തു പൂവിടരുകയും മാതളനാരങ്ങ പൂക്കുകയും ചെയ്തോയെന്നും നോക്കാം... 
അവിടെ വെച്ച് ഞാൻ നിനക്കെന്റെ പ്രേമം നൽകാം..
 
4. മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു
 
എത്രയോ രാത്രികളിൽ ഞാൻ ഉറങ്ങാതെ ഇരുന്നു. സുമിത്രയ്ക്ക് കത്തുകളെഴുതി. എത്രയോ രാത്രികളിൽ ഞാൻ സുമിത്രയെ സ്നേഹിക്കുന്നുവെന്ന് പറയാൻ തുനിഞ്ഞു. കഴിഞ്ഞില്ല. സുമിത്രയ്ക്ക് എന്നെ ഇഷ്ടപ്പെടില്ലേ എന്നുള്ള സംശയം, ഭയം... ഇപ്പോൾ ഞാൻ സുമിത്രയോട് ചോദിക്കുവാ.. വളരെ വളരെ വൈകിപ്പോയ ഒരു ചോദ്യം... സുമിത്രയ്ക്ക് എന്നെ ഇഷ്ടമാണോ?
 
ഒരു നൂറ് തവണ കേൾക്കാൻ ആഗ്രഹിച്ച ചോദ്യമാണിത്.. മുകുന്ദേട്ടാ..  
 
5. ചെമ്മീൻ
 
ഞാനെന്നും ഇവിടെ ഇരുന്ന് കറുത്തമ്മയെ ഓർത്തു ഉറക്കെ ഉറക്കെ പാടും...
അങ്ങനെ ഞാൻ പാടി പാടി ചങ്ക് പൊട്ടി ചാവും.
 
6. നിറം
 
നിനക്കെന്നെ കാണണമെന്ന് തോന്നുമ്പോൾ...
നീ നിന്റെ കണ്ണുകൾ മെല്ലെ അടയ്ക്കുക...
ഒരു ഹ്രദയമിടിപ്പിന്റെ ദൂരത്തിനപ്പുറം...
അപ്പോൾ ഞാൻ നിന്റെ അരികിൽ ഉണ്ടാകും..
 
7. അഴകിയ രാവണൻ
 
നിനക്കൊന്നും സംഭവിച്ചിട്ടില്ല. എല്ലാ പരിശുദ്ധിയോടും കൂടി നീ ഇപ്പോഴും എന്റെ മനസ്സിലുണ്ട്...
 
വെറുത്ത്... വെറുത്ത്... വെറുപ്പിന്റെ അവസാനം... എനിക്കിപ്പോ കുട്ടിശങ്കരനോട് സ്നേഹമാണ്...
 
8. തട്ടത്തിൻ മറയത്ത് 
 
വെള്ളമില്ലാതെ, ഊണും ഉറക്കവുമില്ലാതെ...
ഒരു നൂറു വർഷം, നിന്നെ നോക്കി ഇരിക്കാൻ പറ്റും എനക്ക്...
അങ്ങനെ ഒന്നും പറ്റില്ലായിരിക്കും, പക്ഷേ എനക്കിപ്പോൾ അങ്ങനെ ഒക്കെ തോന്നുന്നു...
നിന്റെ വീട്ടുകാര് വന്ന് എന്നെ തല്ലുന്നതിന് മുന്നേ ഞാൻ പറയാം...
ഐ ലവ് യു ആയിഷാ...
 
9. എന്ന് നിന്റെ മൊയ്തീൻ
 
ഇരുവഴിഞ്ഞിപ്പുഴ അറബിക്കടലിനുള്ളതാണെങ്കിൽ...
കാഞ്ചന മൊയ്തീനുള്ളതാ...
ഇത് മൊയ്തീന്റെ വാക്കാ...
വാക്കാണു ഏറ്റവും വലിയ സത്യം.
 
10. വന്ദനം
 
എങ്കിലേ... എന്നോട് പറ ഐ ലവ് യൂ ന്ന്...  

അനുബന്ധ വാര്‍ത്തകള്‍

Next Article