വളര്‍ച്ച കുറഞ്ഞു, വിലകൂടി; റിസര്‍വ്‌ ബാങ്ക്

Webdunia
വെള്ളി, 27 ജൂണ്‍ 2014 (12:02 IST)
റിസര്‍വ്‌ ബാങ്കിന്റെ ഒമ്പതാം ധനസ്ഥിരതാ റിപ്പോര്‍ട്ട് പുറത്തു വിട്ടു. രാജ്യത്തിന്റെ വളര്‍ച്ചാ നിരക്കിലെ കുറവും കുത്തനെ ഉയരുന്ന വിലക്കയറ്റവും സാധാരണക്കാരന്റെ നടുവൊടിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അതേ സമയം രാജ്യത്ത് ഈ അവസ്ഥ കുറേക്കാലം കൂടി തുടരുമെന്നും ആര്‍ബിഐ പ്രവചിക്കുന്നുമുണ്ട്.

ആഭ്യന്തര മൊത്ത ഉത്പാദനത്തിന്റെ ശതമാനം കണക്കിലെടുക്കുമ്പോള്‍ കുടുംബങ്ങളുടെ നിക്ഷേപത്തോതു താഴ്‌ന്നു. കുടുംബ സമ്പാദ്യം 2007-08ല്‍ ജിഡിപിയുടെ 12 ശതമാനമായിരുന്നുവെങ്കില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം അത്‌ ഏഴുശതമാനത്തിലേക്കു താഴ്‌ന്നു. ചെലവ്‌ ഏഴുമുതല്‍ പത്തുവരെ ശതമാനത്തിലേക്ക്‌ ഉയരുകയും ചെയ്തതായി റിപ്പോര്‍ട്ടീല്‍ പറയുന്നു.

എന്നാല്‍ സ്വര്‍ണ്ണം പോലെയുള്ള മൂല്യമേറിയ വസ്തുക്കള്‍ക്കുള്ള വില കഴിഞ്ഞ വര്‍ഷങ്ങളില്‍ കൂടുതലായിരുന്നു എന്നും മൂലധന സമാഹരണത്തില്‍ വന്‍ കുറവുണ്ടായതായും റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിട്ടുണ്ട്. സ്വകാര്യ കോര്‍പ്പറേറ്റ് മേഖലേയാണ് ഇതിനു കാരണാമെന്നാണ് ആര്‍ബിഐ കുറ്റപ്പെടുത്തുന്നത്.

കേന്ദ്രത്തില്‍ സുസ്ഥിര സര്‍ക്കാര്‍ വന്നതും ഈ സര്‍ക്കാര്‍ വിതരണ ശൃംഖലകളിലുള്ള തടസങ്ങള്‍ നീക്കുമെന്ന വിശ്വാസവും നാണ്യപ്പെരുപ്പം സംബന്ധിച്ച പ്രതീക്ഷകള്‍ക്കു ശക്തി പകരും. യോജ്യമായ ധനനയം രൂപീകരിച്ചുകൊണ്ട്‌ സമ്പദ്‌വ്യവസ്ഥയെ സുസ്ഥിരമാക്കുകയാണു വേണ്ടതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.