ഒപെക് രാജ്യങ്ങള്‍ ഉത്പാദനം കുറച്ചേക്കും

Webdunia
ചൊവ്വ, 25 നവം‌ബര്‍ 2014 (10:36 IST)
ഒപെക് രാജ്യങ്ങള്‍ ഉത്പാദനം കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. എണ്ണവിലയില്‍ വന്‍ ഇടിവുണ്ടായതിനെത്തുടര്‍ന്നാണിത്. ഈയാ‍ഴ്ച ചേരുന്ന ഒപെക് രാഷ്ട്രങ്ങളുടെ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും. ഉത്പാദനം കുറക്കുന്ന കാര്യത്തില്‍ വെനസ്വെല അടക്കമുള്ള അംഗരാഷ്ട്രങ്ങളില്‍ നിന്ന് ഓപകിനുമേല്‍ സമ്മര്‍ദ്ദമുണ്ട്.

എണ്ണവിലയില്‍ നാല് മാസമായി തുടരുന്ന വിലയിടിവ് നിയന്ത്രിക്കാനുള്ള തീരുമാനങ്ങള്‍ ഒപെകിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ല. വിലയിടിവ് പിടിച്ചുനിര്‍ത്താനായി ഒപെക് രാഷ്ട്രങ്ങള്‍ ദിവസവും 10 ലക്ഷം ബാരല്‍ വരെ ഉത്പാദനം കുറയ്ക്കണമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇതുകൂടാതെ  ഉത്പാദനം കുറക്കാന്‍ തയ്യാറായില്ലെങ്കില്‍ ആഗോള എണ്ണവിപണിയില്‍ ഒപെകിനുള്ള സ്വാധീനം ചോദ്യം ചെയ്യപ്പെടുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
എന്നാല്‍ 10 ലക്ഷം ബാരല്‍ വരെ ഉത്പാദനം കുറച്ചാലും എണ്ണവില 70 ഡോളറിനോടടുത്തെത്തുമെന്നും അഭിപ്രായമുണ്ട്.

ക‍ഴിഞ്ഞ ജൂണ്‍ മുതല്‍ 34 ശതമാനം വരെ ആഗോളവിപണിയില്‍ എണ്ണ വില തുടര്‍ച്ചയായി കുറഞ്ഞിരുന്നു. നവംബര്‍ 14 ന് അവസാനിച്ച ആ‍ഴ്ചയില്‍ ഒരു ബാരല്‍ എണ്ണയുടെ വില  76.67 ഡോളറായിരുന്നു. അമേരിക്കയുടെ എണ്ണ ഉത്പാദനം വര്‍ധിച്ചതും ആഗോള ആവശ്യം നിലനില്‍ക്കുകയും ചെയ്തതാണ് വിലയിടിവിന് കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.