എണ്ണ പര്യവേക്ഷണത്തിലും ഇനി വിദേശ നിക്ഷേപം

Webdunia
തിങ്കള്‍, 27 ഒക്‌ടോബര്‍ 2014 (12:54 IST)
ഇന്ത്യയിലെ എണ്ണ പര്യവേക്ഷണ മേഖലയേ കൂടുതല്‍ കാര്യക്ഷമതയും കൃത്യതയും ആക്കുന്നതിനായി എണ്ണ പര്യവേക്ഷണമേഖലയിലേക്ക് സ്വകാര്യ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി. ഇതിനുള്ള സൂചനകള്‍ കേന്ദ്ര എണ്ണമന്ത്രി ധര്‍മേന്ദ്രപ്രധാന്‍ നല്‍കി. എണ്ണ പര്യവേക്ഷണത്തിന് വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കഴിയുന്ന രീതിയില്‍ നയങ്ങളില്‍ മാറ്റം ഉടന്‍ ഉണ്ടാക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.

തദ്ദേശീയമായ ഊര്‍ജമേഖലകളെ ഉത്തേജിപ്പിച്ച്, എണ്ണ ഇറക്കുമതി കുറച്ച് സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ ഇടപെടല്‍ കുറച്ചും ചുവപ്പുനാടകള്‍ പരമാവധി ഒഴിവാക്കിയും സ്വകാര്യനിക്ഷേപകരെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കും. ഇതോടൊപ്പം സര്‍ക്കാര്‍കമ്പനികളായ ഒഎന്‍ജിസി ഉള്‍പ്പെടെയുള്ളവയുടെ പ്രവര്‍ത്തനം ശക്തമാക്കും.

ഒഎന്‍ജിസിക്കു കീഴിലുള്ള ചെറിയ എണ്ണ പര്യവേക്ഷണകേന്ദ്രങ്ങളില്‍നിന്നുള്ള വരുമാനം വര്‍ധിപ്പിക്കും. സ്വകാര്യ സംരംഭകരുടെ സാങ്കേതികവിദ്യയും ഇതിനായി പ്രയോജനപ്പെടുത്തും. കുറച്ചുകാലമായി ഈ കമ്പനികളുടെ പര്യവേക്ഷണത്തില്‍ കാര്യമായ കുറവ് രേഖപ്പെടുത്തിയിരുന്നു. ഈ കമ്പനികളുടെ പ്രവര്‍ത്തനത്തില്‍ പത്തു ശതമാനമെങ്കിലും പുരോഗതി കൈവരിക്കുക എന്നതാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്.





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.