നിരത്തുകളില്‍ ചീറിപ്പായാന്‍ ലംബോര്‍ഗ്നിയുടെ കരുത്തന്‍ ‘ഹുറാകാന്‍ പെര്‍ഫോമന്റെ’ ഇന്ത്യയില്‍

Webdunia
തിങ്കള്‍, 10 ഏപ്രില്‍ 2017 (09:37 IST)
ലംബോര്‍ഗ്നി ‘ഹുറാകാന്‍ പെര്‍ഫോമന്റെ’ ഇന്ത്യയില്‍. രാജ്യാന്തര അരങ്ങേറ്റം കഴിഞ്ഞ് ഒറ്റ മാസത്തിനുള്ളിലാണ് ഈ കരുത്തന്‍ ഇന്ത്യയിലെത്തിയത്. കാറിന്റെ ഭാരം കുറയ്ക്കുന്ന സാങ്കേതികവിദ്യകള്‍ക്കൊപ്പം ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റം സഹിതമുള്ള പുതിയ ഷാസി സെറ്റപ്പും പരിഷ്കരിച്ച പവര്‍ട്രെയ്നുമൊക്കെ ലംബോര്‍ഗ്നി ‘ഹുറാകാന്‍ പെര്‍ഫോമന്റെ’യില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 3.97 കോടി രൂപയാണ് ഡല്‍ഹി ഷോറൂമില്‍ വില.
 
ഹൈബ്രിഡ് അലൂമിനിയം-കാര്‍ബണ്‍ ഫൈബര്‍ ഫ്രെയിമിലാണ് ഈ കാര്‍ എത്തിയിട്ടുള്ളത്. അലൂനിമിയത്തിനൊപ്പം തന്നെ ലംബോര്‍ഗ്നിയുടെ സ്വന്തം ആവിഷ്കാരമായ ഫോര്‍ജ്ഡ് കോംപസിറ്റ് കൂടി ചേര്‍ത്താണ് ഈ കാറിന്റെ ബോഡി നിര്‍മിച്ചിരിക്കുന്നത്. ഇതോടൊപ്പം തന്നെ കാറിനു പരമാവധി ദൃഢത ഉറപ്പു വരുത്താനും നിർമാതാക്കള്‍ക്കു സാധിച്ചിട്ടുണ്ട്. 1,382 കിലോഗ്രാമാണു ഈ പുതിയ കാറിന്റെ ഭാരം.  
 
റേസ് കാറുകളോടു കിടപിടിക്കുന്ന തരത്തിലുള്ള രൂപകല്‍പ്പനയോടെ എത്തുന്ന ‘ഹുറാകാന്‍ പെര്‍ഫോമന്റെ’യ്ക്ക് സ്പ്ലിറ്ററും എയര്‍ ഇന്‍ടേക്കുകളുമൊക്കെ ചേര്‍ന്നു കൂടുതല്‍ ആക്രമണോത്സുകതയും നല്‍കുന്നു. വി 10 എന്‍ജിനാണ് ഈ കാറിനു കരുത്തേകുന്നത്. പരമാവധി 640 ബി എച്ച് പി കരുത്തും 600 എന്‍ എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉല്‍പ്പാദിപ്പിക്കുക. ബുക്ക് ചെയ്യുന്നവര്‍ക്കു ‘ഹുറാകാന്‍ പെര്‍ഫോമന്റെ’ എത്രയും പെട്ടെന്ന് കൈമാറുമെന്നും ലംബോര്‍ഗ്നി അറിയിച്ചു. 
 
Next Article