നിരക്കുകൾ കൂട്ടുമെന്ന് സൂചന നൽകി എയർടെൽ മേധാവി

Webdunia
ചൊവ്വ, 31 ഓഗസ്റ്റ് 2021 (18:59 IST)
രാജ്യത്തെ ടെലികോം രംഗത്തെ വൻകിട കമ്പനിയായ എയർടെൽ തങ്ങളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. സാമ്പത്തിക പ്രതിസന്ധി മറികടക്കുവാൻ നിരക്കുകൾ വർദ്ധിപ്പിക്കാൻ മടിക്കില്ലെന്ന് എയർടെൽ സ്ഥാപകനും ചെയർമാനുമായ സുനിൽ മിത്തൽ തന്നെയാണ് വ്യക്തമാക്കിയത്.
 
ഓഹരി വില്‍പ്പനയിലൂടെ 21,000 കോടി സമാഹരിക്കാനുള്ള പദ്ധതിയും എയര്‍ടെല്‍ പ്രഖ്യാപിച്ചു. എയര്‍ടെല്ലിന്‍റെ കട ബാധ്യത സങ്കല്‍പ്പിക്കാന്‍ പറ്റുന്നതിനപ്പുറമാണെന്ന് സമ്മതിച്ച മിത്തല്‍, ടെലികോം മേഖല നേരിടുന്ന വലിയ നികുതിയിൽ ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷയും പങ്കുവെച്ചു.
 
അതേസമയം എയർടെൽ ചെയർമാന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഇന്നലെ എയർടെൽ ഓഹരികൾ അഞ്ച് ശതമാനം ഇടിഞ്ഞു.മാര്‍ച്ച് 31ലെ കണക്ക് അനുസരിച്ച് ടെലികോം മന്ത്രാലയത്തിന് എയര്‍ടെല്‍ അടക്കാനുള്ള എജിആര്‍ തുക 18,004 കോടിയാണ്. നിലവിൽ നൂറു രൂപ വരുമാനം ലഭിച്ചാൽ അതിലെ  35 ശതമാനം വിവിധ നികുതികളും ഫീസുകളുമായി സര്‍ക്കാറിലേക്ക് പോകുന്ന സ്ഥിതിയാണെന്നും സർക്കാർ ടെലികോം വ്യവസായത്തിന് അനുകൂലമായ നിലപാടുകൾ സ്വീകരിക്കണമെന്നും സുനിൽ മിത്തൽ ആവശ്യപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

Next Article