കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് കേരളത്തില്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നത് ഉപേക്ഷിക്കുന്നു. നാലായിരം പേര്‍ക്കു പുതിയ തൊഴിലവസരങ്ങള്‍ നല്‍കുന്ന 250 കോടി രൂപയുടെ പദ്ധതികളാണു നിര്‍ത്തിവയ്‌ക്കുന്നതെന്നു മാനേജിംഗ് ഡയറക്‌ടര്‍ സാബു എം ജേക്കബ് അറിയിച്ചു.
തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളില്‍നിന്നും വിവിധ വകുപ്പുകളില്‍നിന്നും സംസ്‌ഥാന സര്‍ക്കാരില്‍നിന്നുമുണ്ടായ തിക്‌താനുഭവങ്ങളാണ് വികസന പദ്ധതികള്‍ നിര്‍ത്തിവയ്‌ക്കാന്‍ നിര്‍ബന്ധിതരാക്കുന്നതെന്നു മാനേജിംഗ് ഡയറക്‌ടര്‍ പറഞ്ഞു. ബാങ്ക് വായ്‌പ പാസാക്കുകയും പുതിയ മെഷീനറികള്‍ക്ക് ഓര്‍ഡര്‍ നല്‍കുകയും ചെയ്‌തശേഷമാണ് ഈ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
അന്ന കിറ്റെക്‌സ് ഗ്രൂപ്പിന്റെ വസ്‌ത്ര നിര്‍മാണ കയറ്റുമതി സ്‌ഥാപനമായ കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് അമ്പത് ഏക്കറില്‍ അപ്പാരല്‍ പാര്‍ക്ക് നിര്‍മിച്ചുവരികയായിരുന്നു. സമയബന്ധിതമായി ഉല്‍പ്പാദനം നടത്തി കയറ്റുമതി ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ് ഇവിടുള്ളതെന്നും കേരളത്തില്‍ മുതല്‍മുടക്കിനു പറ്റിയ വ്യാവസായിക അന്തരീക്ഷം നിലവില്‍ ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടും യാതൊരു പ്രയോജനവും ഉണ്ടാകാത്ത സാഹചര്യത്തിലാണ് വികസന പദ്ധതികള്‍ ഉപേക്ഷിക്കേണ്ടി വന്നതെന്നാണ് അരോപണം.
കമ്പനിയുടെ പുതിയ പ്രധാന ഗേറ്റ് പോലും നിര്‍മിക്കാന്‍ അനുമതി നല്‍ക്കാത്തത് ഇതിന് ഉദാഹരണമാണെന്നും 21 കോടി രൂപ നികുതി ഇനത്തില്‍ സര്‍ക്കാരിലേക്കും 69 ലക്ഷം രൂപ പഞ്ചായത്തിലേക്കും കെട്ടിയിട്ടും ഈ സ്‌ഥിതി വന്നത് യു ഡി എഫ്- എല്‍ ഡി എഫ് ഉള്‍പ്പെടെയുള്ള ഒരു വിഭാഗം പ്രവര്‍ത്തകരുടെ പിന്നാമ്പുറ കളിയുടെ ഫലമാണെന്നും എം ഡി ആരോപിച്ചു. പതിനേഴ് യു ഡി എഫ് അംഗങ്ങളുടെ ഭൂരിപക്ഷമുള്ള കിഴക്കമ്പലം പഞ്ചായത്തില്‍ നിന്ന് കമ്പനിക്ക് സ്‌റ്റോപ്പ് മെമ്മോ അടിച്ചത് ഈ പിന്നണികളിയുടെ ഭാഗമാണെന്നും അദ്ദേഹം പറയുന്നു.
വര്‍ഷാവര്‍ഷം പുതുക്കേണ്ട കമ്പനി ലൈസന്‍സ് കോണ്‍ഗ്രസ് ഭരണത്തില്‍ വരുമ്പോള്‍ മാത്രം തടഞ്ഞുവയ്‌ക്കുകയാണ് പതിവ്. കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് പരിധിയില്‍ നില്‍ക്കുന്ന കമ്പനി പാരിസ്‌ഥിതിക മാലിന്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു എന്ന ആരോപണം ശക്‌തമാണ്. എന്നാല്‍ പതിവായി സോഷ്യല്‍ ഓഡിറ്റുകള്‍ നടത്തുന്ന ഫാക്‌ടറി അന്താരാഷ്‌ട്ര നിലവാരത്തിലാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്നും സാബു പറഞ്ഞു.
കിറ്റെക്‌സ് പൂട്ടിക്കാന്‍ ശ്രമിക്കുന്നത് കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹനാന്‍ എം എല്‍ എയാണെന്ന് സാബു എം ജേക്കബ് പറഞ്ഞു. അന്ന അലുമിനിയം കമ്പനിയില്‍ യൂണിയന്‍ രൂപീകരിക്കാനുള്ള 1978 ലെ ശ്രമം വിജയിക്കാത്തതിന്റെ വിരോധമാണ് കാരണം. പ്രശ്നം പരിഹരിക്കാന്‍ 2001 ല്‍ ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല. അതിനുശേഷമാണ് പഞ്ചായത്തിനെയും ഉദ്യോഗസ്ഥരെയും പൊലീസിനെയും ഏതാനും സ്ഥലവാസികളെയും ഉപയോഗിച്ച് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും ആരോപിച്ചു.