സോണിയില്‍ ശമ്പള വര്‍ദ്ധനയില്ല

Webdunia
വ്യാഴം, 19 മാര്‍ച്ച് 2009 (18:48 IST)
ഈ വര്‍ഷം ജീവനക്കാരുടെ ശമ്പള വര്‍ദ്ധന മരവിപ്പിക്കാന്‍ ജാപ്പനീസ് ഇലക്ട്രോണിക്സ് കമ്പനിയായ സോണി കോര്‍പറേഷന്‍ തീരുമാനിച്ചു. ആഗോള തലത്തില്‍ വില്‍പന കുറഞ്ഞതിനെത്തുടര്‍ന്ന് കമ്പനി വന്‍ വെല്ലുവിളി നേരിടുന്നതിനെത്തുടര്‍ന്നാണ് പുതിയ തീരുമാനം.

മറ്റ് കമ്പനികളില്‍ നിന്ന് വ്യത്യസ്തമായി സോണിയില്‍ ജീവനക്കാര്‍ക്ക് വാര്‍ഷികാടിസ്ഥാനത്തില്‍ ശമ്പള വര്‍ദ്ധന ഏര്‍പ്പെടുത്താറില്ല. മറിച്ച് ജീവനക്കാരുടെ പ്രകടനത്തെ ആശ്രയിച്ചാണ് ശമ്പളത്തില്‍ ഉയര്‍ച്ച അനുവദിക്കുന്നത്. എന്നാല്‍ ഈ വര്‍ഷം ശമ്പളത്തില്‍ യാതൊരു വിധത്തിലുമുള്ള ഉയര്‍ച്ചയും അനുവദിക്കേണ്ടെന്നാണ് കമ്പനി തീരുമാനമെന്ന് സോണി വക്താവ് മാമി ഇമാദ അറിയിച്ചു. മാര്‍ച്ച് 31ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷം 2.9 ബില്യണ്‍ ഡോളറിന്‍റെ പ്രവര്‍ത്തന നഷ്ടമാണ് സോണി പ്രതീക്ഷിക്കുന്നത്. പുതിയ പ്രഖ്യാപനത്തെത്തുടര്‍ന്ന് സോണിയുടെ ഓഹരി മൂല്യം 1.4 ശതമാനത്തോളം ഇടിഞ്ഞു.

ജപ്പാനിലെ മറ്റ് ടെക്നോളജി സ്ഥാപനങ്ങളായ തോഷിബ കോര്‍പറേഷന്‍, എന്‍ഇസി കോര്‍പറേഷന്‍, ഹിറ്റാച്ചി ലിമിറ്റഡ് എന്നിവയും സമാന തീരുമാനമെടുത്തതായാണ് അറിയുന്നത്. സാമ്പത്തിക മന്ദ്യം ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളിലൊന്നാണ് ഏഷ്യയിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ ജപ്പാന്‍. കയറ്റുമതിയിലും ഉല്‍പാദനത്തിലും ഉണ്ടായ കുറവിനെത്തുടര്‍ന്ന് രാജ്യത്തെ തൊഴിലില്ലായ്മ ഗണ്യമായി ഉയര്‍ന്നിരുന്നു.