സബ്സിഡി സിലിണ്ടറുകള്‍ 12 ആക്കി ഉയര്‍ത്തുന്നത് പരിഗണനയില്‍

Webdunia
ശനി, 11 ജനുവരി 2014 (09:49 IST)
PTI
സബ്‌സിഡി നിരക്കിലുള്ള സിലിണ്ടറുകളുടെ എണ്ണം 12 ആക്കി ഉയര്‍ത്തുന്നത് സര്‍ക്കാറിന്റെ സജീവ പരിഗണനയിലാണെന്ന് പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി.

ഈ വിഷയത്തില്‍ ധനമന്ത്രി പി ചിദംബരവുമായി ചര്‍ച്ച നടത്തുമെന്നും രാഷ്ട്രീയകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ ഉപസമിതിയില്‍ പ്രശ്‌നം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞയാഴ്ച മന്ത്രിസഭാ യോഗത്തിന് ശേഷം ധനമന്ത്രി പി ചിദംബരം സിലിണ്ടറുകളുടെ എണ്ണം കൂട്ടുന്നത് പരിഗണയിലുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.

എന്നാല്‍, പ്രധാനമന്ത്രിയും മന്ത്രി മൊയ്‌ലിയും തൊട്ടടുത്ത ദിവസങ്ങളില്‍ ഇത് നിഷേധിച്ചത് ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു. കോണ്‍ഗ്രസ് എംപിമാരായ പിസി ചാക്കോ, സഞ്ജയ് നിരുപം, മഹാബല്‍ മിശ്ര എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സിലിണ്ടറുകളുടെ എണ്ണം കൂട്ടില്ലെന്ന മുന്‍നിലപാട് മന്ത്രി തിരുത്തിയത്.

സബ്‌സിഡി സിലിണ്ടറുകള്‍ ഒമ്പതായി നിജപ്പെടുത്തിയത് സാധാരണക്കാരനെ ബാധിച്ചിരിക്കുകയാണെന്ന് പിസി ചാക്കോ കുറ്റപ്പെടുത്തി. ഇടത്തരം കുടുംബത്തിന് ഒമ്പത് സിലിണ്ടര്‍കൊണ്ട് തികയില്ലെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാര്‍ കമ്പോള വിലയായ 1,258 രൂപയ്ക്ക് സിലിണ്ടര്‍ വാങ്ങാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് സഞ്ജയ് നിരുപം പറഞ്ഞു.