സത്യം കമ്പ്യൂട്ടര്‍ സര്‍വീസസിന്‍റെ ഡയറക്ടര്‍ ബോര്‍ഡ് യോഗം നാളെ ചേരും. കമ്പനി വില്‍പന സംബന്ധിച്ച തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം ചേരുന്നത്. അജണ്ട സംബന്ധിച്ച് വ്യക്തമായ വിവരം ലഭ്യമല്ലെങ്കിലും ഓഹരി വില്‍പനയ്ക്ക് താല്‍പര്യ പത്രം ക്ഷണിക്കുമ്പോള്‍ സ്വീകരിക്കേണ്ട വ്യവസ്ഥകള്‍ സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്തേക്കുമെന്ന് കരുതുന്നു.
ഇത് സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ശനിയാഴ്ച ബോര്‍ഡ് യോഗം ചേര്‍ന്നിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് നാളത്തെ യോഗം. പുതിയ സംരംഭകരെ കണ്ടെത്തുന്നത് സംബന്ധിച്ച ഡയറക്ടര്‍ ബോര്‍ഡിന്‍റെ നീക്കങ്ങള്‍ക്ക് ഇതിനകം തന്നെ കമ്പനി നിയമബോര്‍ഡിന്‍റെ അനുമതി ലഭിച്ചിട്ടുണ്ട്.
വ്യവസ്ഥകള്‍ സംബന്ധിച്ച് ധാരണയായാല്‍ സത്യം ഏറ്റെടുക്കാന്‍ സന്നദ്ധരായി രംഗത്തുള്ളവരോട് വാരാന്ത്യത്തോടെ താല്‍പര്യ പത്രം സമര്‍പ്പിക്കാന്‍ ബോര്‍ഡ് ആവശ്യപ്പെടുമെന്ന് ചെയര്‍മാന്‍ കിരണ്‍ കാര്‍ണിക് പറഞ്ഞു. അതിന് മുമ്പ് പദ്ധതിയ്ക്ക് മാര്‍ക്കറ്റിംഗ് റഗുലേറ്ററിംഗ് ഏജന്‍സിയായ സെബിയുടെ അംഗീകാരം കിട്ടേണ്ടതുണ്ടെന്നും അദ്ദേഹം അറിയിച്ചു. കമ്പനിയുടെ ഇടപാടുകാരെ സംബന്ധിച്ചും വരുമാനത്തെക്കുറിച്ചും ഓഹരി വാങ്ങാന്‍ താല്പര്യം പ്രകടിപ്പിക്കുന്നവര്‍ക്ക് എത്രത്തോളം വിവരങ്ങള്‍ ലഭ്യമാക്കാം എന്നത് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തേക്കും.
എല്‍ ആന്‍റ് ടി, ഹിന്ദുജ ഗ്രൂപ്പ്, സ്പൈസ് ഗ്രൂപ്പ് തുടങ്ങിയവയാണ് സത്യം ഏറ്റെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്നിട്ടുള്ളത്. അതേസമയം സത്യത്തിന്‍റെ 51 ശതമാനം ഓഹരികളെങ്കിലും നല്‍കിയാല്‍ മാത്രമേ ഏറ്റെടുക്കാന്‍ തയ്യാറാവൂ എന്ന് സ്പൈസ് ചെയര്‍മാന്‍ ബി കെ മോഡി വ്യക്തമാക്കിയിട്ടുണ്ട്. നിശ്ചിത ഓഹരികള്‍ വാങ്ങുന്നതിന് പകരം സത്യത്തില്‍ നേരിട്ട് പണം നിക്ഷേപിക്കാനാണ് സ്പൈസ് താല്‍പര്യപ്പെടുന്നതെന്നും അദ്ദേഹം അറിയിച്ചു.
എല്‍ ആന്‍റ് ടിക്ക് ഇതിനകം തന്നെ സത്യത്തില്‍ 12 ശതമാനം ഓഹരികളുണ്ട്.