സത്യം: പുതിയ ഉടമയെ 13 ന് പ്രഖ്യാപിക്കും

Webdunia
ശനി, 4 ഏപ്രില്‍ 2009 (17:25 IST)
സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ സത്യം കമ്പ്യൂട്ടേഴ്സിന്‍റെ പുതിയ ഉടമയാരെന്ന് 13ന് പ്രഖ്യാപിക്കും. എച്ച് ഡി എഫ് സി ചെയര്‍മാനും സത്യം ബോര്‍ഡ് അംഗവുമായ ദീപക് പരേഖ് അറിയിച്ചതാണിത്. എപ്രില്‍ 13 ന് രാവിലെ ഒമ്പത് മണിയോടെ സത്യം ഏറ്റെടുക്കാനായി സമര്‍പ്പിച്ചിട്ടുള്ള ടെന്‍ഡറുകള്‍ തുറക്കും. അന്നു തന്നെ സത്യത്തിന്‍റെ പുതിയ ഉടമകളെയും പ്രഖ്യാപിക്കുമെന്ന് പരേഖ് പറഞ്ഞു.

എഞ്ചിനീയറിംഗ് രംഗത്തെ പ്രമുഖരായ ലാര്‍സന്‍ ആന്‍ഡ് ടുബ്രൊ, ഐ ടി സ്ഥാപനമായ ടെക് മഹീന്ദ്ര, വൈബര്‍ റോസ് എന്നിങ്ങനെ ആറു സ്ഥാപനങ്ങളാണ് സത്യം എറ്റെടുക്കാ‍നായി രംഗത്തുള്ളത്. ലേലത്തിന് മുന്നോടിയായി സത്യത്തിന്‍റെ ആസ്തികളെയും ബാധ്യതകളെയും കുറിച്ചുള്ള വിശദാംശങ്ങള്‍ ഈ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്.

ഏറ്റെടുക്കല്‍ നടപടികളില്‍ കൂടുതല്‍ സുതാര്യത ഉറപ്പ് വരുത്തുന്നതിനായി തുറന്ന ലേലത്തിന്‍റെ സാധ്യതകള്‍ ആരായുമെന്ന് ഡയറക്ടര്‍ ബോര്‍ഡ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് സത്യം ഏറ്റെടുക്കാനായി സമര്‍പ്പിക്കപ്പെട്ട ടെന്‍ഡറുകളില്‍ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയ ടെന്‍ഡറും മറ്റ് ടെന്‍ഡറുകളും തമ്മില്‍ 10 ശതമാനത്തിലധികം തുകയുടെ വ്യത്യാസമില്ലെങ്കില്‍ തുറന്ന ലേലം നടത്താനാണ് ബോര്‍ഡ് തീരുമാനം.

എന്നാല്‍ തുടക്കത്തില്‍ തന്നെ തുറന്ന ലേലം നടത്തില്ല. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ അവര്‍ നല്‍കാനുദ്ദേശിക്കുന്ന തുക രേഖപ്പെടുത്തി മുദ്രവച്ച കവറില്‍ നല്‍കണം. ഏപ്രില്‍ ഒമ്പതാണ് ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി. രണ്ട് സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച ടെന്‍ഡര്‍ തുകകള്‍ തമ്മിലുള്ള വ്യത്യാസം 10 ശതമാനത്തില്‍ അധികമില്ലെങ്കില്‍ മാത്രമേ തുറന്ന ലേലം നടത്തൂവെന്നും ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.