വ്യാപാരക്കമ്മി കുറഞ്ഞു; രാജ്യം സാമ്പത്തിക കുതിപ്പിലേക്ക്

Webdunia
ശനി, 12 ഏപ്രില്‍ 2014 (13:56 IST)
PRO
PRO
കയറ്റുമതി കൂടിയതോടെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ആശാവഹമായി തുട്രുന്നു. വ്യാപാരക്കമ്മിയില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കയറ്റുമതിയില്‍ മൊത്തം 3.98 ശതമാനം വര്‍ദ്ധനയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷമുണ്ടായത്.

2012-13 ലെ 19,033 കോടി ഡോളര്‍ വ്യാപാരക്കമ്മിയില്‍ നിന്ന് 13,859 കോടി ഡോളറായാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ വ്യാപാരക്കമ്മി താഴ്‌ന്നത്. ഇറക്കുമതി മേഖലയില്‍ ഉണ്ടായ 8.11 ശതമാനം ഇടിവ് വ്യാപാരക്കമ്മി കുറയുന്നതില്‍ പങ്കുവഹിച്ചിട്ടൂണ്ട്.

45,094 കോടി ഡോളറായാണ് 2013-14ല്‍ ഇറക്കുമതി കുറഞ്ഞത്. കറന്റ് അക്കൗണ്ട് കമ്മി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സ്വര്‍ണം ഇറക്കുമതിയ്‌ക്ക് കേന്ദ്ര സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും മാര്‍ച്ചില്‍ വ്യാപാരക്കമ്മി 1,051 കോടി രൂപയായി വര്‍ദ്ധിച്ചിരുന്നു.

ഇതിനു കാരണം തുടര്‍ച്ചയായി രണ്ടാം മാസവും കയറ്റുമതിയിലുണ്ടായ ഇടിവാണ്. ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ 3.15 ശതമാനം ഇടിവാണ് ഈ സമയത്തുണ്ടായി. കഴിഞ്ഞമാസം ഇറക്കുമതിയിലുണ്ടായ 2.11 ശതമാനം കുറവാണ് വ്യാപാരക്കമ്മി കൂടുതല്‍ ഉയര്‍ച്ചയിലേക്ക് പോകാതെ തടഞ്ഞു നിറുത്തിയത്.

മൊത്തം 4,000 കോടി രൂപയുടെ ഇറക്കുമതി കഴിഞ്ഞമാസമുണ്ടായി. അതിനാല്‍ കറന്റ് അക്കൗണ്ട് കമ്മി മുന്‍ വര്‍ഷത്തെ 4.8 ശതമാനത്തില്‍ നിന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജി.ഡി.പിയുടെ രണ്ട് ശതമാനത്തിലേക്ക് താഴുമെന്ന വിലയിരുത്തലുകള്‍ ശക്തമാണ്.

ഇതേകാരണം കൊണ്ടുതന്നെ സ്വര്‍ണം ഇറക്കുമതിയ്‌ക്കുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.അതേസമയം രൂപയുടെ മൂല്യം ഡോളറിനെതിരെ വര്‍ദ്ധിക്കുന്നത് കയറ്റുമതിക്കാര്‍ക്ക് അത്ര നല്ലതല്ല. രൂപ 60-62 നിലവാരത്തില്‍ നില്‍ക്കുന്നതാണ് കയറ്റുമതി മേഖലയ്ക്ക് നല്ലത്.