ലോക ധനികരില്‍ 24 ഇന്ത്യക്കാര്‍

Webdunia
ബുധന്‍, 11 മാര്‍ച്ച് 2009 (12:27 IST)
ഫോര്‍ബ്സ് മാസിക പ്രസിദ്ധീകരിച്ച ഏറ്റവും വലിയ സമ്പന്നരുടെ ലിസ്റ്റില്‍ രണ്ട് ഡസനോളം ഇന്ത്യക്കാര്‍. ഇതില്‍ത്തന്നെ നാല് പേര്‍ ആദ്യ പത്തില്‍ ഇടം നേടി. പതിമൂന്ന് വര്‍ഷം തുടര്‍ച്ചയായി ഒന്നാം സ്ഥാ‍നത്തായിരുന്ന മൈക്രോസോഫ്റ്റ് കോ-ഫൌണ്ടര്‍ ബില്‍ ഗേറ്റ്സ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടപ്പോള്‍ വാരണ്‍ ബഫറ്റ് ആണ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍.

ലോകത്തിലെ ഏറ്റവും വലിയ സ്റ്റീല്‍ നിര്‍മ്മാതാക്കളായ ആര്‍സലോര്‍മിത്തലിന്‍റെ മേധാവി ലക്ഷ്മി മിത്തല്‍ പട്ടികയില്‍ നാലാം സ്ഥാനത്താണ്. 45 ബില്യണ്‍ ഡോളറാണ് മിത്തലിന്‍റെ വ്യക്തിഗത വരുമാനം. ഏറെക്കാലമായി ലണ്ടനില്‍ താമസിക്കുന്ന മിത്തല്‍ യൂറോപ്പിലെ ഏറ്റവും വലിയ ധനികനായുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.

മുകേഷ് അംബനിയാണ് തൊട്ടുപിറകില്‍. ഏഷ്യയിലെ ഏറ്റവും വലിയ ധനികന്‍ കൂടിയാണ് അംബാനി. വിപണി മൂലധനത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്‍റെ മേധാവി കൂടിയായ മുകേഷ് അംബാനിയുടെ വ്യക്തിഗത വരുമാനം 43 ബില്യണ്‍ ഡോളറാണ്. സഹോദരന്‍ അനില്‍ അംബാനി 42 ബില്യണ്‍ ഡോളര്‍ വരുമാനമായി ആറാം സ്ഥാനത്തുണ്ട്. ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായ കെപി സിംഗ് 30 ബില്യണ്‍ ഡോളര്‍ വരുമാനത്തോടെ പട്ടികയില്‍ എട്ടാ‍മതാണ്.

ഏറ്റവും വലിയ ധനികനായി തെരഞ്ഞെടുക്കപ്പെട്ട ബഫറ്റിന്‍റെ വരുമാനം 62 ബില്യണ്‍ ഡോളറാണ്. മെക്സിക്കന്‍ ടെലികോം വ്യവസായിയായ കാര്‍ലോസ് സ്ലിം ഹെല്‍ ആണ് 60 ബില്യണ്‍ ഡോളറോടെ രണ്ടാമത്. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ബില്‍ഗേറ്റ്സിന്‍റേത് 58 ബില്യണ്‍ ഡോളറും.

ഷാഹി, രാവി റൂയ, അസിം പ്രേംജി, സുനില്‍ മിത്തല്‍, കുമാര്‍ ബിര്‍ല, രമേശ് ചന്ദ്ര, ഗൌതം അദ്വാനി, സാവിത്രി ജിന്‍ഡല്‍, അനില്‍ അഗര്‍വാള്‍, അദി ഗോദ്റേജ്, ജി എം റാവു, ഇന്ദു ജെയിന്‍, ദിലീപ് സാംഘ്വി, ജയപ്രകാശ് ഗൌര്‍, ശിവ് നഡാര്‍, ഉദയ് കോടാക്, സൈറസ് പൂനവല്ല, ആനന്ദ് ജെയിന്‍, ചന്ദ്രു രഹേജ, തുളസി തന്തി, രാകേഷ് വധാവന്‍ എന്നിവരാണ് പട്ടികയിലുള്ള മറ്റ് ഇന്ത്യക്കാര്‍