രാജുവിനെതിരെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും

Webdunia
തിങ്കള്‍, 30 മാര്‍ച്ച് 2009 (09:39 IST)
സത്യം ക്രമക്കേടുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ മുന്‍ ചെയര്‍മാന്‍ ബി രാമലിംഗ രാജുവിനെതിരെ സിബിഐ ഉടന്‍ കുറ്റപത്രം സമര്‍പ്പിച്ചേക്കും. ഏപ്രില്‍ ആദ്യവാരത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ തുടങ്ങാനാണ് സിബിഐയുടെ നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വിവിധ രാജ്യങ്ങളിലെ കമ്പനികളുമായി സത്യത്തിന്‍റെ ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ സിബിഐ ശേഖരിച്ചുവരികയാണ്. അതേസമയം കമ്പനി അഴിമതിയുടെ ഒരു ഭാഗം മാത്രമാണ് രാജു വെളിപ്പെടുത്തിയിട്ടുള്ളത് എന്നതിന്‍റെ സൂചനകള്‍ അന്വേഷണ ഏജന്‍സിക്ക് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രാജുവിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ സിബിഐ ഹൈദരാബാദിലെ ഒരു പ്രാദേശിക കോടതിയുടെ അനുമതി തേടിയിട്ടുണ്ട്.

10,000 കോടി രൂപയുടെയെങ്കിലും ക്രമക്കേട് നടന്നിട്ടുണ്ടാകാമെന്നാണ് സിബിഐ കരുതുന്നത്. രാജുവിനെ കൂടാതെ കേസില്‍ ആരോപണ വിധേയരായ സഹോദരന്‍ രാമരാജു, കമ്പനി മുന്‍ സിഎഫ്ഒ വദ്ലാ‍മണീ ശ്രീനിവാസ് പ്രൈസ് വാട്ടര്‍ ഹൌസ് ഓഡിറ്റര്‍മാരായിരുന്ന എസ് ഗോപാല കൃഷ്ണന്‍ തല്ലൂരി ശ്രീനിവാസ് എന്നിവരുടെ ഒപ്പും കൈപ്പടയും പരിശോധിക്കാന്‍ അനുവദിക്കണമെന്ന് ഏജന്‍സി കോടതിയോടാവശ്യപ്പെട്ടിട്ടുണ്ട്.

കമ്പനി കണക്കുകളില്‍ 7,800 കോടിയുടെ ക്രമക്കേട് നടത്തിയെന്ന രാമലിംഗ രാജുവിന്‍റെ ജനുവരി ഏഴിലെ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് സത്യം കമ്പ്യൂട്ടര്‍ സര്‍വീസസ് വിവാദമാകുന്നത്. കോര്‍പറേറ്റ് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയെന്ന് കരുതപെടുന്ന ഈ കേസ് ജനുവരി 20നാണ് സിബിഐ ഏറ്റെടുത്തത്. മാര്‍ക്കറ്റിംഗ് റഗുലേറ്ററിംഗ് ഏജന്‍സിയായ സെബിയും സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേറ്റീവ് ഒഫീസും പ്രത്യേകം അന്വേഷണങ്ങള്‍ നടത്തുന്നുണ്ട്.