സത്യം കമ്പ്യൂട്ടേഴ്സിന്റെ മുന്‍ ചെയര്‍മാന്‍ ബി. രാമലിംഗ രാജുവിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന മെയ്താസ് ഇന്‍ഫ്രായ്ക്ക് നല്‍കിയിരുന്ന കരാര്‍ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ റദ്ദാക്കി. മെട്രോ റെയില്‍ പ്രൊജക്റ്റുമായി ബന്ധപ്പെട്ടതായിരുന്നു കരാര്‍.
മുപ്പത്ത് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാരിന് 30,000 കോടി ലാഭമുണ്ടാക്കിത്തരാം എന്ന് വിശ്വസിപ്പിച്ചാണ് മെയ്താസ് ഇന്‍ഫ്രാ 12,000 കോടിയുടെ കരാര്‍ നേടിയെടുത്തത്. എന്നാല്‍ വാക്കില്‍ മാത്രമാണ് ലാഭം ഉണ്ടായിരുന്നതെന്നും കമ്പനിയുടെ പ്രകടനം മോശമായിരുന്നുവെന്നും കാണിച്ചാണ് സര്‍ക്കാരിപ്പോള്‍ കരാര്‍ റദ്ദാക്കിയത്.
കമ്പനിയുമായുള്ള കരാര്‍ അവസാനിപ്പിച്ചതായി നഗര വികസന മന്ത്രി ആനം രാമനാരായണ റെഡ്ഡി ഹൈദരാബാദില്‍ പറഞ്ഞു. മെയ്താസ് ഇതുവരെ നല്‍കിയിട്ടുള്ള 71 കോടി രൂപ തിരിച്ച് കൊടുക്കില്ലെന്നും മെട്രോ റെയില്‍ പ്രൊജക്റ്റിന്റെ നടത്തിപ്പിനായി വിശദമായ പദ്ധതി ഉടന്‍ തന്നെ തയ്യാറാക്കുമെന്നും റെഡ്ഡി പറഞ്ഞു.
ആന്ധ്രാ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയെ മെയ്താസിന്റെ ചെയര്‍മാന്‍ കെ. രാമലിംഗം അടുത്തിടെ സന്ദര്‍ശിക്കുകയുണ്ടായി. എന്നാല്‍ സര്‍ക്കാരിന് വരേണ്ട ലാഭത്തെ പറ്റിയോ കമ്പനിയുടെ പ്രകടനത്തെ പറ്റിയോ എന്തെങ്കിലും ഉറപ്പ് കൊടുക്കാന്‍ ചെയര്‍മാന് കഴിഞ്ഞില്ല.