പ്രവൃത്തി ദിനങ്ങള്‍ കുറയ്ക്കണമെന്ന ആവശ്യവുമായി പൊതുമേഖലാ ബാങ്കുകള്‍ രംഗത്ത്. ബാങ്കിങ് പ്രവൃത്തിദിനങ്ങള്‍ ആഴ്ചയില്‍ അഞ്ചായി ചുരുക്കണമെന്നാണ് ഇവരുടെ ആവശ്യം. ബാങ്കുകളുടെ പ്രവര്‍ത്തന ചെലവ് കുറയ്ക്കന്‍ ഇത് ഉപകരിക്കുമെന്നാണ് പൊതുമേഖല ബാങ്ക് മേധാവികളുടെ വാദം.
ഇതു സംബന്ധിച്ച സാധ്യതാപഠനം നടത്തി ധനമന്ത്രാലയത്തിന് സമര്‍പ്പിക്കാനൊരുങ്ങുകയാണ് പൊതുമേഖലാ ബാങ്ക് മേധാവികള്‍. തിങ്കള്‍ മുതല്‍ ശനി വരെയാണ് ബാങ്കുകളുടെ പ്രവൃത്തി ദിനങ്ങള്‍. ഇത് തിങ്കള്‍ മുതല്‍ വെള്ളി വരെയാക്കാനാണ് ആലോചിക്കുന്നത്.
എ.ടി.എമ്മുകള്‍, ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് എന്നിവയൊക്കെ വ്യാപകമായതോടെ ആഴ്ചയില്‍ മുഴുവന്‍ ദിവസവും ബാങ്കിങ് സേവനം ലഭ്യമാണ്. അതിനാല്‍ പ്രവൃത്തി ദിനങ്ങള്‍ കുറയ്ക്കുന്നതില്‍ അപാകതയില്ലെന്നാണ് ബാങ്കിങ് മേധാവികള്‍ വാദിക്കുന്നത്
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി അഞ്ച് ദിന സംവിധാനത്തില്‍ പണിയെടുക്കുമ്പോള്‍ ബാങ്കിങ് ജീവനക്കാര്‍ക്ക് മാത്രം അത് ആറാക്കുന്നതെന്തിനാണെന്നാണ് ട്രേഡ് യൂണിയനുകലുടെ ചോദ്യം. രണ്ടു ദിവസം തുടര്‍ച്ചയായി അവധി കിട്ടുന്നതോടെ ജീവനക്കാര്‍ക്ക് വിശ്രമിക്കാന്‍ കഴിയുമെന്നും തിങ്കളാഴ്ച കൂടുതല്‍ ഉണര്‍വോടെ ജോലിക്കെത്താനാകുമെന്നും ഇവര്‍ പറയുന്നു.
എന്നാല്‍, ഇന്റര്‍നെറ്റ് ബാങ്കിങ് പോലുള്ള ആധുനിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിയാത്ത പാവപ്പെട്ടവര്‍ക്ക് അഞ്ച് പ്രവൃത്തിദിനങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് ധനമന്ത്രാലയം നേരത്തെ ചൂണ്ടിക്കാട്ടിയിരിക്കുന്നു.
പക്ഷെ ബാങ്കിങ് ദിനങ്ങള്‍ കുറച്ചാലുള്ള പ്രായോഗിക ഗുണങ്ങള്‍ വിലയിരുത്തിക്കൊണ്ട് ധനമന്ത്രാലയത്തിന് വിശദമായ അവലോകന റിപ്പോര്‍ട്ട് സമര്‍പ്പിക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍.