പൊതുമേഖല വരുമാനം ഉയര്‍ന്നു

ചൊവ്വ, 10 മാര്‍ച്ച് 2009 (18:26 IST)
നടപ്പ് വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളുടെ വരുമാനത്തില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടായി. ഏപ്രില്‍ - സപ്തംബര്‍ കാലയളവില്‍ കേന്ദ്ര പൊതുമേഖല സ്ഥപനങ്ങളുടെ വരുമാനം 36 ശതമാനമാണ് ഉയര്‍ന്നത്. പൊതുമേഖല സംരംഭങ്ങള്‍ നല്‍കിയ വിവരങ്ങള്‍ അടിസ്ഥാനമാക്കി കേന്ദ്ര വ്യാവസായിക പൊതുമേഖല മന്ത്രി സന്തോഷ് മോഹന്‍ ദേവ് ആണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം വരുമാനത്തില്‍ 12.13 ശതമാനം ഉയര്‍ച്ച മാത്രമാണുണ്ടായത്. 10.82 ലക്ഷം കോടിയാണ് 2007-08 വര്‍ഷത്തെ മൊത്തം വരുമാനം. ആഗോള സാമ്പത്തിക മാന്ദ്യം രൂക്ഷമായി അനുഭവപ്പെടാന്‍ തുടങ്ങുന്ന അവസരത്തിലാണ് രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങള്‍ ഈ നേട്ടം കൈവരിച്ചതെന്നത് ശ്രദ്ധേയമാണ്.

കഴിഞ്ഞ സപ്തംബറോട് കൂടിയാണ് മാന്ദ്യം അനുഭവപ്പെടുന്നത്. അമേരിക്കയിലെ ലെഹ്മാന്‍ ബ്രദേഴ്സ് ബാങ്കിന്‍റെ തകര്‍ച്ചയോടെയാണ് മാന്ദ്യത്തിന്‍റെ തീവ്രത ലോകം അറിയുന്നത്. അതേസമയം പൊതുമേഖല സ്ഥാപനങ്ങളുടെ ഈ മികച്ച പ്രകടനം ഭാവിയിലും തുടരുമെന്നും രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് അത് ഗുണം ചെയ്യുമെന്നും സന്തോഷ് മോഹന്‍ ദേവ് അഭിപ്രായപ്പെട്ടു.

വെബ്ദുനിയ വായിക്കുക