പിടികൊടുക്കാതെ രൂപ താഴേക്ക് കൂപ്പുകുത്തുന്നു

Webdunia
ചൊവ്വ, 27 ഓഗസ്റ്റ് 2013 (17:01 IST)
PRO
ചരിത്രത്തിലെ ഏറ്റവും വലിയ താഴ്ചയിലേക്ക് രൂപ കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നു. ചൊവ്വാഴ്ച വ്യാപാരത്തിനിടെ 66.09ലേക്കാണ് രൂപ വീണത്. അതായത്, ഒരു ഡോളര്‍ വാങ്ങണമെങ്കില്‍ 66.09 രൂപ നല്‍കണം. കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയ 65.56 എന്ന റെക്കോഡാണ് ഇതോടെ തിരുത്തിയിരിക്കുന്നത്.

ഓഹരി വിപണിയിലും വന്‍ തകര്‍ച്ച പ്രകടമായി. ബോംബെ ഓഹരി സൂചിക 250 തിലേറെ പോയന്‍റ് നഷ്ടത്തിലാണ് വ്യാപാരം നടന്നുകൊണ്ടിരിക്കുന്നത്.

തിങ്കളാഴ്ച 110 പൈസയുടെ നഷ്ടവുമായി 64.30 എന്ന നിലയിലായിരുന്നു ക്ലോസിങ്. ആ നിലയില്‍ നിന്നാണ് ഇന്ന് വീണ്ടും താഴേക്ക് പതിച്ച് പുതിയ റെക്കോഡിട്ടത്.

ഇറക്കുമതിക്കാരില്‍ നിന്ന് ഡോളറിന് വന്‍ ഡിമാന്‍ഡ് ഉണ്ടായതും വിദേശനിക്ഷേപകര്‍ വന്‍തോതില്‍ ഇന്ത്യയില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കുന്നതും രൂപയുടെ മൂല്യം കുറയാന്‍ കാരണമായി.

ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കുന്നതു ധനക്കമ്മി ഉയര്‍ത്തുമെന്ന ആശങ്കയില്‍ സെന്‍സെക്‌സ് 600ലേറെ പോയന്റ് ഇടിഞ്ഞ് 17925.11 വരെ താഴ്ന്നു. നിഫ്റ്റിയാകട്ടെ, 200നടുത്ത് പോയന്റാണ് താഴ്ന്നത്. ഇതോടെ 5,278.65ലെത്തി.