നാല് ഡയറക്ടര്‍മാരെ സര്‍ക്കാര്‍ പിന്‍വലിക്കും

Webdunia
ശനി, 18 ജൂലൈ 2009 (10:56 IST)
സത്യം ബോര്‍ഡില്‍ നിന്ന് നാല് ഡയറക്ടര്‍മാരെ പിന്‍വലിക്കാന്‍ കമ്പനി നിയമ ബോര്‍ഡ് സര്‍ക്കാരിന് അനുമതി നല്‍കി. സത്യത്തെ ടെക് മഹീന്ദ്ര ഏറ്റെടുത്ത് മൂന്ന് മാസത്തിന് ശേഷമാണ് ബോര്‍ഡിന്‍റെ ഈ തീരുമാനം.

മൊത്തം ആറ് ഡയറക്ടര്‍മാരെയാണ് സര്‍ക്കാര്‍ സത്യത്തില്‍ നിയമിച്ചിരുന്നത്. ഇതില്‍ രണ്ട് പേര്‍ മൂന്ന് വര്‍ഷത്തെ കാലാവധിയില്‍ ബോര്‍ഡില്‍ തുടരും. കമ്പനിയുടെ ഓഹരി ഇടപാ‍ടുകളുമായി ബന്ധപെട്ട എല്ലാ തീരുമാനങ്ങളും ഈ രണ്ട് പേരില്‍ ഏതെങ്കിലും ഒരാളുടെ സാന്നിദ്ധ്യത്തിലായിരിക്കും കൈക്കൊള്ളുക.

അഴിമതികേസ് പുറത്തുവന്നതിനെത്തുടര്‍ന്നാണ് പ്രതിസന്ധി നേരിട്ട സ്ഥാപനത്തെ സഹായിക്കുന്നതിന് സര്‍ക്കാര്‍ കിരണ്‍ കാര്‍ണികിന്‍റെ നേതൃത്വത്തില്‍ ആറ് ഡയറക്ടര്‍മാരെ നിയമിച്ചിരുന്നത്. 1,756 കോടി രൂപയ്ക്ക് 31 ശതമാനം ഓഹരികള്‍ സ്വന്തമാക്കിക്കൊണ്ട് ടെക് മഹീന്ദ്ര സത്യത്തെ ഏറ്റെടുക്കുകയായിരുന്നു. പിന്നീട് ഓഹരി പങ്കാളിത്തം 42.7 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്.

കമ്പനി കണക്കുകളില്‍ 7800 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന മുന്‍ ചെയര്‍മാന്‍ രാമലിംഗ രാജുവിന്‍റെ ജനുവരി ഏഴിലെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് കോര്‍പറേറ്റ് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി പുറം ലോകമറിയുന്നത്. പ്രതിസന്ധിയിലായ സ്ഥാപനത്തെ സര്‍ക്കാരിന്‍റെയും ഓഡിറ്റര്‍മാരുടെയും സമയോചിതമായ ഇടപെടലാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.