എസ്.ബി.ഐ: 70% അറ്റാദായ വര്‍ദ്ധന

Webdunia
വെള്ളി, 25 ജനുവരി 2008 (14:51 IST)
രാജ്യത്തെ പൊതുമേഖലയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഒക്‍ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലെ അറ്റാദായത്തില്‍ 69.8 ശതമാനം വര്‍ദ്ധന കൈവരിച്ചു.

ഇക്കാലയളവില്‍ ബാങ്കിന്‍റെ അറ്റാദായം 1,808 കോടി രൂപയായി ഉയര്‍ന്നു. അതുപോലെ ബാങ്കിന്‍റെ നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഒക്‍ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലെ മൊത്ത വരുമാനം 20 ശതമാനം വര്‍ദ്ധിച്ച് 4,256 കോടി രൂപയായി ഉയര്‍ന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 3,439 കോടി രൂപയായിരുന്നു.

രാജ്യത്ത് ഏറ്റവു കൂടുതല്‍ എ.റ്റി.എം സെന്‍ററുകള്‍ ഉള്ളത് എസ്.ബി.ഐ ക്കാണ് - 8,079 എണ്ണം. അതുപോലെ ബാങ്കിന്‍റെ ഡെബിറ്റ് കാര്‍ഡ് ഉള്ളവരുടെ എണ്ണം 33.35 മില്യനായി ഉയര്‍ന്നിട്ടുണ്ട്.

നിലവില്‍ ബാങ്കിന്‍റെ 7,800 ശാഖകള്‍ പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍ വത്കരിച്ച കോര്‍ ബാ‍ങ്കിംഗ് സംവിധാനമുള്ളവയാണ്. ഇതോടെ ബാങ്ക് ഇടപാടുകളില്‍ 95 ശതമാനവും ഇപ്പോള്‍ കോര്‍ ബാങ്കിംഗ് സംവിധാനത്തിലൂടെയാണ് നടക്കുന്നത്. മാര്‍ച്ച് അവസാനത്തോടെ കോര്‍ ബാങ്കിംഗ് സംവിധാനത്തിലൂടെ 98 ശതമാനം പ്രവര്‍ത്തനങ്ങളും നടത്താനാണ് ബാങ്ക് ലക്‍ഷ്യമിടുന്നത്.

അതേ സമയം 2007-08 ലെ മൂന്നാം പാദത്തില്‍ എസ്.ബി.ഐ ഗ്രൂപ്പിന്‍റെ മൊത്തത്തിലുള്ള അറ്റാദായം 56 ശതമാനം നിരക്കില്‍ വര്‍ദ്ധിച്ച് 2,442 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,574 കോടി രൂപ മാത്രമായിരുന്നു.