എസ്ബിഐ ജീവനക്കാരുടെ സമരം മാറ്റി

Webdunia
ശനി, 4 ജൂലൈ 2009 (17:03 IST)
അനുബന്ധ ബാങ്കുകളെ കേന്ദ്ര ബാങ്കില്‍ ലയിപ്പിക്കാനുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാര്‍ ജൂലൈ ആറിന് നടത്താനിരുന്ന സമരം മാറ്റിവച്ചു. ഡെപ്യൂട്ടീ ചീഫ് ലേബര്‍ കമ്മീഷണറുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് പണിമുടക്ക് മാറ്റിയത്.

ലയന നീക്കം സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ച നടത്താന്‍ ഡെപ്യൂട്ടീ ചീഫ് ലേബര്‍ കമ്മീഷണര്‍ ബാങ്ക് മാനേജ്മെന്‍റിനോടും ജീവനക്കാരുടെ യൂണിയനോടും ആവശ്യപ്പെട്ടിട്ടുണ്ട്. അഖിലേന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും മറ്റ് അഞ്ച് ബാങ്കു യൂണിയനുകളും സംയുക്തമായാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുബന്ധ ബാങ്കുകളില്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനെര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ജയ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് എന്നിവയിലെ ജീവനക്കാരായിരുന്നു ജൂലൈ ആറിന് പണിമുടക്കില്‍ പങ്കെടുക്കാനിരുന്നത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡോറിനെ കഴിഞ്ഞയാഴ്ച എസ്ബിഐയില്‍ ലയിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സ്റ്റേറ്റ് ബാങ്ക് ഓഫ് സൌരാഷ്ട്രയെയും മാതൃബാങ്കില്‍ ലയിപ്പിച്ചിരുന്നു.