എഴുപത്തഞ്ചാം പിറന്നാളില്‍ മാസം 75 കോടി നഷ്ടം

ബുധന്‍, 20 ഫെബ്രുവരി 2013 (14:44 IST)
PRO
എഴുപത്തിയഞ്ചാം പിറന്നാള്‍ ആഘോഷിക്കുന്ന കെഎസ്ആര്‍ടിസിക്ക് പറയാനുള്ളത് പിടിപ്പുകെട്ട ഭരണാധികാരികളുടെ കഥ‍. കേരള വികസനത്തിലും ചരിത്രത്തിലും നിര്‍ണായ പങ്കുവഹിച്ച ഈ പൊതുമേഖല സ്ഥാപനം പ്രതിസന്ധികളിലൂടെയാണു ഇപ്പോള്‍ കടന്നു പോകുന്നത്. കെഎസ്ആര്‍ടിസി 376.89 കോടിയുടെ നഷ്ടമാണ്​കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരുത്തിയതെന്ന് സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നത്.

കെഎസ്ആര്‍ടിസി മാസം 75 കോടി രൂപ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ഒരു ബസ് നഷ്ടമില്ലാതെ ഓടാന്‍ ദിവസം 12,000 രൂപയെങ്കിലുംവരുമാനം വേണമെന്നും ഇത്രത്തോളം കെഎസ്ആര്‍ടിസി നഷ്ടത്തിലായ കാലം മുമ്പെങ്ങും ഉണ്ടായിട്ടില്ലെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ് അടുത്തെയിടെ വ്യക്തമാക്കിയിരുന്നു.

ദിവാന്‍ സര്‍ സി പി രാമസ്വാമി അയ്യരാണു 1937 ജൂലൈയില്‍ ശ്രീമൂലം പ്രജാസഭയുടെ യോഗത്തില്‍ സര്‍ക്കാര്‍ ബസ് ഓടിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. 1938 ഫെബ്രുവരി 20 നാണു ശ്രീ ചിത്തിര തിരുനാള്‍ ബാലരാമ വര്‍മയും രാജകുടുംബാംഗങ്ങളെയും വഹിച്ച് ആദ്യ ബസ് തിരുവനന്തപുരം തമ്പാനൂരില്‍ നിന്നു കവടിയാറിലേക്കു കന്നിയാത്ര നടത്തി.

കേരളം രൂപീകൃതമായ ശേഷം 1965 ഏപ്രില്‍ ഒന്നിനാണു കെഎസ്ആര്‍ടിസി രൂപമെടുക്കുന്നത്. . 18 ലക്ഷം കിലോമീറ്ററാണു ബസ് സര്‍വീസ് നടത്തുന്നത്. 5770 ബസുകളും 80 ഡിപ്പോകളും 40,000 ജീവനക്കാരുമാണു കെഎസ്ആര്‍ടിസിക്കുള്ളത്.

കെഎസ്ആര്‍ടിസിയോട് കടപ്പാടുള്ളവരാണെന്നും ജനങ്ങളെ വിശ്വാസത്തിലെടുത്താണ് സേവനം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. കെ‌എസ്‌ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തേണ്ടതെന്നും തനിയെ നിന്നോളുമെന്നും ഭരണാധികാരികള്‍ പറഞ്ഞത് പൊതുമേഖലാ സ്ഥാപനങ്ങള്‍ നടത്തുന്നതിലെ കെടുകാര്യസ്ഥതയും താല്‍‌പര്യമില്ലായ്മയുമാണ് തെളിയിക്കുന്നത്. സംസ്ഥാനത്തെ 76 പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളില്‍ 44 എണ്ണം മാത്രമാണ് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും ബാക്കിയെല്ലാം നഷ്ടത്തിലാണെന്നും സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

വെബ്ദുനിയ വായിക്കുക