ഇന്ത്യയ്ക്ക്‌ ആവശ്യമായ ക്രൂഡ്‌ ഓ‍യില്‍ നല്‍കാം: ഇറാഖ്‌ വിദേശകാര്യമന്ത്രി

Webdunia
തിങ്കള്‍, 24 ജൂണ്‍ 2013 (12:37 IST)
PRO
PRO
ഇന്ത്യയ്ക്ക്‌ ആവശ്യമായ ക്രൂഡ്‌ ഓ‍യില്‍ നല്‍കാമെന്ന് ഇറാഖ്‌ വിദേശകാര്യമന്ത്രി. ഇന്ത്യയ്ക്കു അവശ്യമുള്ളത്ര ക്രൂഡ് ഓയില്‍ നല്‍കാമെന്ന് ഇറാഖ്‌ വിദേശകാര്യമന്ത്രി ഹോഷിയാര്‍ സെബാരിയാണ് അറിയിച്ചത്. ഇന്ത്യയ്ക്ക്‌ ഏറ്റവും കൂടുതല്‍ ക്രൂഡ്‌ ഓ‍യില്‍ നല്‍കുന്ന രാഷ്ട്രങ്ങളില്‍ രണ്ടാമത്തെ രാജ്യമാണ്‌ ഇറാഖ്‌.

ഇന്ത്യന്‍ വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്‌ കഴിഞ്ഞയാഴ്ച ഇറാഖ്‌ സന്ദര്‍ശിച്ചിരുന്നു. 23 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇങ്ങനെയൊരു സന്ദര്‍ശനം നടന്നത്. സല്‍മാന്‍ ഖുര്‍ഷിദിന്റെ ഇറാക്ക് സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുദൃഢമാക്കുമെന്ന് സെബാരി പറഞ്ഞിരുന്നു.

നിലവില്‍ ഇറാഖിന്റെ എണ്ണ ഉല്‍പാദനം 31.5 ലക്ഷം വീപ്പയാണ്‌. 2020ല്‍ ഇറാഖിന്റെ എണ്ണ ഉല്‍പാദനം 65 ലക്ഷം വീപ്പയാക്കുമെന്നും വികസനത്തിലേക്കു കുതിക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കും ആവശ്യമായ എണ്ണ നല്‍കാന്‍ ഇറാഖിനു കഴിയുമെന്നു ഹോഷിയാര്‍ സെബാരി പറഞ്ഞു.