ഓഹരി വിപണി സര്‍വകാല റെക്കോര്‍ഡില്‍

Webdunia
ബുധന്‍, 2 ജൂലൈ 2014 (15:57 IST)
ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം തുടരുന്നു. സെന്‍സെക്‌സ് 200 പോയിന്റ് നേട്ടമുണ്ടാക്കി 25,800ല്‍ എത്തി. നിഫ്റ്റിയിലും മുന്നേറ്റമുണ്ടായി. 59.55 പോയിന്റ് ഉയര്‍ന്ന് നിഫ്റ്റി 7,700ല്‍ എത്തി. മെറ്റല്‍, റിയാലിറ്റി, ക്യാപ്പിറ്റല്‍ ഗുഡ്‌സ്, പവര്‍ ഓഹരികളാണ് ബുധനാഴ്ച നേട്ടമുണ്ടാക്കിയത്.

ജൂണ്‍ 11ന് സെന്‍സെക്‌സ് 25,725.12 ല്‍ എത്തിയിരുന്നു. ഈ റെക്കോര്‍ഡാണ് ഭേദിക്കപ്പെട്ടത്. ജൂലൈ 10ന് ബജറ്റ് അവതരിപ്പിക്കാനിരിക്കേ ബജറ്റിന് മുന്നോടിയായാണ് ഓഹരി വിപണിയില്‍ മുന്നേറ്റം തുടരുന്നത്. സാമ്പത്തിക വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള ശക്തമായ തീരുമാനങ്ങള്‍ കേന്ദ്ര ബജറ്റിലുണ്ടാവുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

മറ്റ് ഏഷ്യന്‍ വിപണികളിലും കുതിച്ചുചാട്ടമാണുള്ളത്. വിദേശ മൂലധന കമ്പനികള്‍ നിക്ഷേപത്തിനൊരുങ്ങിയതാണ് സര്‍വകാല റെക്കോര്‍ഡിന് അവസരമൊരുക്കിയത്. ഊര്‍ജ, മൂലധന, ബാങ്കിംഗ് ഓഹരികള്‍ നേട്ടത്തിലാണ്.