രവിപിള്ള:ഗള്‍ഫിലെ തൊഴില്‍ സ്രോതസ്സ്

Webdunia
തിങ്കള്‍, 14 ജനുവരി 2008 (17:24 IST)
PROPRO
മൂന്ന് പതിറ്റാണ്ട് മുമ്പ് കേരളത്തിലെ കായല്‍ പരപ്പുകളോട് വിട പറഞ്ഞ് ജോലി തേടി ഫള്‍ഫിലേക്ക് പോയ കൊല്ലം സ്വദേശി രവി പിള്ള ഇന്ന് അവിടത്തെ വലിയൊരു ബിസിനസ് സാമ്രാജ്യത്തിന്‍റെ ഉടമയാണ് .മൂന്ന് മാസത്തിനകം 20,000 പേര്‍ക്ക് കൂടി തൊഴില്‍ നല്‍കാനാവും എന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്.

ബഹറിന്‍ ആസ്ഥാനമായുള്ള രണ്ടര ബില്യന്‍ യു.എസ്. ഡോളര്‍ വിലവരുന്ന ബിസിനസ് സാമ്രാജ്യത്തിന്‍റെ അധിപനായ ഡോ. രവി പിളള ഗള്‍ഫില്‍ ഇന്ന് ഏറ്റവുമധികം ഇന്ത്യാക്കാര്‍ക്ക് ജോലി നല്‍കുന്ന തൊഴിലുടമയാണ്.

35,000 ഓളം പേരാണ് രവി പിള്ളയുടെ കമ്പനികളില്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്നത്. അതില്‍ 28,000 പേര്‍ ഇന്ത്യക്കാരാണ്. തീര്‍ച്ചയായും അതില്‍ നല്ലൊരു ശതമാനം കേരളീയരുമാണ്.

ഇക്കൊല്ലത്തെ പ്രവാസി ഭാരതീയ സമ്മാനം രവി പിള്ളയെ തേടിയെത്തിയത് ഗള്‍ഫില്‍ ഏറ്റവും അധികം ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നല്‍കുന്ന ഭാരതീയന്‍ എന്ന നിലയിലാണ്. ഗള്‍ഫിലെ അംബാനി എന്നാണ് അദ്ദേഹത്തെ വിളിക്കുന്നത്. ഇന്ത്യന്‍ ജോലിക്കാര്‍ അദ്ദേഹത്തെ ദൈവത്തെപ്പോലെയാണ് കാണുന്നത്. വാസ്തവത്തില്‍ ഒട്ടേറെ തൊഴിലാളികളുടെ കാണപ്പെട്ട ദൈവമാണ് രവി പിള്ള ഇന്ന്.

വ്യാവസായിക കരാര്‍ പണികളിലും എണ്ണ ശുദ്ധീകരണ മേഖലയിലുമാണ് രവി പിള്ള ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളത്. ബിസിനസ് നടത്തുന്നതിനൊപ്പം സാമൂഹ്യ സേവന, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും രവി പിള്ള വ്യാപൃതനാണ്.

രണ്ട് കൊല്ലമായി അദ്ദേഹത്തിന്‍റെ കീഴില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ ഒരു മാസം ഇന്ത്യയിലേക്ക് 70 കോടി രൂപ അയയ്ക്കുന്നുണ്ട് എന്നാണ് കണക്ക്. ഇത് വരും മാസങ്ങളില്‍ ഇനിയും വര്‍ധിക്കും. അങ്ങനെയാണ് അദ്ദേഹത്തിന്‍റെ ഒരു ബിസിനസ്സ് സ്ഥാപനം ഒറ്റയ്ക്ക് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കാളിയായി മാറുന്നത്.

ബഹറിന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നസീല്‍ എസ് അല്‍ഹാജിരി കോര്‍പറേഷന്‍ എന്ന കെട്ടിട നിര്‍മ്മാണ കമ്പനി, സൗദി അറേബ്യയിലെ പെട്രോകെം എന്നീ കമ്പനികളുടെ മാനേജിംഗ് ഡയറക്ടറാണ് പിളള.

തെക്കന്‍ കേരളത്തില്‍ എക്സ്പ്രസ് വേ നിര്‍മ്മിക്കുന്നതില്‍ തന്‍റെ നിക്ഷേപസാധ്യതയെക്കുറിച്ച് കേരള സര്‍ക്കാര്‍ ആരാഞ്ഞിട്ടുണ്ടെന്നും പിളള വെളിപ്പെടുത്തി. ഇന്ത്യയില്‍ മെഡിക്കല്‍ ടൂറിസം, ഹോട്ടല്‍ മേഖലകളില്‍ നിക്ഷേപം നടത്താന്‍ പദ്ധതിയുണ്ടെന്നും ഡോ. രവി പിളള പറയുന്നു.

വിവിധ രംഗങ്ങളില്‍ മികച്ച സേവനം കാഴ്ചവച്ച പ്രവാസി എന്ന നിലയ്ക്കാണ് ഇക്കൊല്ലം രവി പിള്ളയും ഭാരത് സര്‍ക്കാരിന്‍റെ പ്രവാസി സമ്മാന്‍ ലഭിക്കാന്‍ അര്‍ഹനായത്.

വന്‍ പദ്ധതികള്‍ തുടങ്ങാ‍ന്‍ രവി പിള്ള