തകര്‍ച്ച : 11 ലക്ഷം കോടി നഷ്ടം

Webdunia
ചൊവ്വ, 22 ജനുവരി 2008 (09:40 IST)
ആഭ്യന്തര ഓഹരി വിപണിയില്‍ തിങ്കളാഴ്ച ഉണ്ടസ്യ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടം നിക്ഷേപകര്‍ക്ക്‌ കണക്കറ്റ തിരിച്ചടിയാണുണ്ടാക്കിയത്‌. അമേരിക്കന്‍ സമ്പദ്‌ വ്യവസ്ഥയില്‍ സംഭവിച്ച മാന്ദ്യമാണ്‌ തിങ്കളാഴ്ച ആഗോള ഓഹരി വിപണികള്‍ക്കൊപ്പം ഏഷ്യന്‍ വിപണിയിലും ആഭ്യന്തര ഓഹരി വിപണിയിലും പ്രതിഫലിച്ചത്‌.

കഴിഞ്ഞ ആറു ദിവസത്തെ തുടര്‍ച്ചയായ തിരിച്ചടി മൂലം നിക്ഷേപകര്‍ക്ക്‌ നഷ്ടമായത്‌ 11,85,285 കോടി രൂപ അഥവാ ഏകദേശ 30000 കോടി ഡോളര്‍ ആണെന്നു കണക്കാക്കുന്നു.. ഇതില്‍ പകുതിയിലധികം തിങ്കളാഴ്ച മുംബൈ ഓഹരി വിപണിയില്‍ സംഭവിച്ച ഇടിവാണു കാരണം.

തുടര്‍ച്ചയായ ആറു വ്യാപാരദിനങ്ങള്‍ കൊണ്ട്‌ സെന്‍സെക്സിലുണ്ടായത്‌ 3222 പോയിന്‍റ് നഷ്ടമാണ്‌. ഇവിടെ ലിസ്റ്റ്‌ ചെയ്ത കമ്പനികളുടെ വിപണിമൂല്യത്തില്‍ 11,85,285 കോടി രൂപയുടെ നഷ്ടമാണുണ്ടായത്‌.

തിങ്കളാഴ്ച ഇന്ത്യന്‍ കമ്പനികളുടെ വിപണിമൂല്യം 59,53,526 കോടി രൂപയാണ്‌. എന്നാല്‍ ജനുവരി 14 ന്‌ ഇത്‌ 71,38,810 കോടി രൂപയായിരുന്നു എന്നതാണ്‌ ഇതിലെ ശ്രദ്ധേയമായ കാര്യം.

തിങ്കളാഴ്ചത്തെ ഇടിവില്‍ മാത്രം നിക്ഷേപകര്‍ക്ക്‌ ഉണ്ടായ നഷ്ടം 6,63,975 കോടി രൂപയാണ്‌. അതേ സമയം കഴിഞ്ഞ അഞ്ചു വ്യാപാരദിനങ്ങളിലുണ്ടായ നഷ്ടം 5,21,310 കോടി രൂപയാണ്‌.

ദലാല്‍ തെരുവില്‍ കണ്ണീര്‍പ്പുഴ