കൂടുതല്‍ നിക്ഷേപം ഗുജറാത്തില്‍

Webdunia
വ്യാഴം, 16 ഓഗസ്റ്റ് 2007 (18:20 IST)
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍, അതായത് 2006-&07 ല്‍ രാജ്യത്ത് ഉണ്ടായ നിക്ഷേപങ്ങളുടെ ഏറ്റവും കൂടുതല്‍ ഭാഗവും ഗുജറാത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കോര്‍പ്പറേറ്റ് ഇന്‍‌വെസ്റ്റ്‌മെന്‍റ് മനേജ്‌മെന്‍റ് സര്‍വെയിലാണ് ഈ വിവരം വെളിപ്പെട്ടത്. രാജ്യത്തെ മൊത്തം നിക്ഷേപത്തിന്‍റെ നാലിലൊരു ഭാ‍ഗവും ഗുജറാത്ത് സംസ്ഥാനത്തിനാണു ലഭിച്ചത്.

അതായത് 2006-&07 ല്‍ ഗുജറത്തില്‍ ആരംഭിച്ച പദ്ധതികളുടെ എണ്ണം 86 ആണ്. ഇതിലെല്ലാം കൂടി 73,170 കോടി രൂപയുടെ നിക്ഷേപമാണുള്ളത്.

ഇതുവരെ ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്നിരുന്ന മഹാരാഷ്ട്രയെ ഇപ്പോള്‍ ഗുജറാത്ത് കടത്തിവെട്ടി ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു.

രാജ്യത്തെ മൊത്തം നിക്ഷേപത്തിന്‍റെ 25.8 ശതമാനവും ഗുജറാത്ത് കൈയടക്കിയപ്പോള്‍ ആന്ധ്രാ പ്രദേശ് 8.9 ശതമാനം കൈവശപ്പെടുത്തി രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനത്തുള്ള മഹാരാഷ്ട്ര 8.6 ശതമാനം നേടിയപ്പോള്‍ തമിഴ്നാടും ഇത്രയും സ്ഥാനം നേടി മഹാരാഷ്ട്രയ്ക്കൊപ്പം മൂന്നാം സ്ഥാനം പങ്കിട്ടു.

ആന്ധ്രയിലെയും കര്‍ണ്ണാടകയിലെയും നിക്ഷേപം ഇക്കാലത്ത് ഇരട്ടിയാവുകയും ചെയ്തു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, ഉത്തരഖണ്ഡ് എന്നീ സംസ്ഥാനങ്ങളും നിക്ഷേപ വിഷയത്തില്‍ വര്‍ദ്ധന രേഖപ്പെടുത്തി

എന്നാല്‍ ഉത്തരപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ നിക്ഷേപം 2006-&07 സാമ്പത്തിക വര്‍ഷത്തില്‍ കുറയുകയാണുണ്ടായത്.