കഴിഞ്ഞ ആഴ്ച ഹിമാചല്‍ പ്രദേശില്‍ നിന്ന് ഒരു സുഹൃത്ത് എനിക്കെഴുതി. ഇപ്രാവശ്യത്തെ തെരഞ്ഞെടുപ്പില്‍ അയാള്‍ കോണ്‍ഗ്രസില്‍ നിന്ന് മാറി ബി ജെപിക്ക് വോട്ട് ചെയ്തതിനെ കുറിച്ചായിരുന്നു എഴുതിയത്. കുളിക്കാന്‍ പോയപ്പോള്‍ വാട്ടര്‍ ടാപ്പില്‍ വെള്ളമില്ലാതിരുന്നതിനെ തുടര്‍ന്നാണ് അയാള്‍ ബി ജെ പിക്ക് വോട്ട് ചെയ്തതത്രേ.
റിക്ഷാക്കാരന്‍റെ പക്കല്‍ നിന്ന് ദിവസ വരുമാനത്തില്‍ ഒരു പങ്ക് പൊലീസുകാരന്‍ പിടിച്ചു വാങ്ങുന്നു. ഗ്രാമത്തിലെ മുഖ്യ ഉദ്യോഗസ്ഥന് കോഴ നല്‍കാതെ സ്വന്തം ഭൂമിക്ക് പട്ടയം ലഭിക്കുകയാണ് കൃഷിക്കാരന് വേണ്ടത്. ഒരു രോഗിയായ സ്ത്രീയെ സംബന്ധിച്ചിടത്തോളം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചെല്ലുമ്പോള്‍ ഡോക്ടറുടെ സേവനമാണ് വേണ്ടത്.
ഒരു മാതാവിന് വേണ്ടത് ഗ്രാമത്തിലെ സ്കൂളില്‍ തന്‍റെ കുട്ടിയെ പഠിപ്പിക്കാന്‍ ഒരു ടീച്ചറുടെ സേവനമാണ്. ഒരു സര്‍ക്കാര്‍ ജനങ്ങളുടെ ജീവിതത്തില്‍ ഇടപെടുന്നത് ഇങ്ങനെയൊക്കെയാണ്. എല്ലാ സര്‍ക്കാരുകളും നമ്മെ തോല്‍പ്പിക്കുന്നതും ഇവിടെയാണ്.
ദൈനംദിന ജീവിതത്തില്‍ സര്‍ക്കാര്‍ ഇങ്ങനെ പരാജയപ്പെട്ടാല്‍ എന്താവും ഒരു വ്യക്തി ചെയ്യുക. ഇച്ഛാഭംഗത്തോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വോട്ട് മാറി ചെയ്യുകയാകും അയാള്‍ ചെയ്യുക. സര്‍ക്കാരിന്‍റെ പരാജയത്തില്‍ ഉള്ള അമര്‍ഷം അയാള്‍ ഇങ്ങനെ ആകും പ്രകടിപ്പിക്കുക. നമ്മുടെ തദ്ദേശ, സ്വയംഭരണ, കേന്ദ്ര സര്‍ക്കാരുകള്‍ അഴിമതിയിലും ദുര്‍ഭരണത്തിലും മുങ്ങി നില്‍ക്കുകയാണ്. നല്ലസ്കൂളുകള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കുടി വെള്ളം തുടങ്ങി അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയുന്നില്ല. രാഷ്ട്രീയക്കാര്‍ക്കുള്ള സന്ദേശം ഇതിനകം ലഭിച്ചിട്ടുണ്ടാകുമെന്ന് നിങ്ങള്‍ കരുതിയേക്കും ?
ഒരു ജനാധിപത്യ രാജ്യത്തില്‍ രാഷ്ട്രീയക്കാരെ വിമര്‍ശിക്കാന്‍ എളുപ്പമാണ്. എന്നാല്‍, കൂടുതല്‍ പ്രശ്നങ്ങളും ഉണ്ടാക്കുന്നത്ഉദ്യോഗസ്ഥ വൃന്ദമാണ്. സര്‍ക്കാരിന് നമ്മുടെ ഉദ്യോഗസ്ഥവൃന്ദം ഉണ്ടാക്കിയിട്ടുള്ളത് പോലെ പ്രശ്നങ്ങള്‍ മറ്റൊരിടത്ത് നിന്നും ഉണ്ടായിട്ടില്ല. നമ്മെ ഇത്രയധികം നിരാശരാക്കിയിട്ടുള്ള മറ്റൊരു വ്യവസ്ഥിതിയുമില്ല. നമ്മുടെ ചെറുപ്പകാലത്ത് ഇംഗ്ലണ്ടില്‍ നിന്നും പരമ്പരാഗതാമായി ലഭിച്ച ഐ സി എസിന്‍റെ ഉരുക്ക് ചട്ടക്കൂട് നാം സ്വീകരിച്ചു.
ബ്രിട്ടനില്‍ ഇന്ത്യന്‍ സിവില്‍ സര്‍വീസില്ലാത്തതിനാല്‍ അവിടെ നല്ല ഭരണം നടക്കുന്നില്ലെന്ന് ജവഹര്‍ലാല്‍ നെഹ്‌റു നമ്മോട് പറഞ്ഞിരുന്നു. എന്നാല്‍, ഇപ്പോള്‍ വികസനത്തിനുള്ള മുഖ്യ തടസം ഈ ഉദ്യോഗസ്ഥ വൃന്ദമാണ്. ഉദ്യോഗസ്ഥര്‍ അഴിമതിക്കാരും വികസനത്തിന് വിഘാതം സൃഷ്ടിക്കുന്നവരും മറ്റുമാണെന്ന് ഇന്ത്യാക്കാര്‍ കരുതുന്നു. സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നതിന് പകരം ഇവര്‍ അതിന് തടസം നില്‍ക്കുകയാണ് ചെയ്യുന്നത്.
1950 കളില്‍ സമ്മിശ്ര സമ്പദ് വ്യവ്സ്ഥയ്ക്കായി നെഹ്‌റു നിയന്ത്രിതമായ ചട്ടക്കൂടുകള്‍ക്ക് വേണ്ടി ശ്രമിച്ചപ്പോള്‍ ഉദ്യോഗസ്ഥ് അവൃന്ദം അദ്ദേഹത്തെ സഹായിച്ചു. സോഷ്യലിസം എന്ന മോഹനമായ വാഗ്ദാനത്തിലൂന്നി ഇവര്‍ ആയിരക്കണക്കിന് നിയന്ത്രണങ്ങള്‍ കൊണ്ടു വന്നു. വ്യവസായ വിപ്ലവത്തെ തുടക്കത്തിലെ നശിപ്പിച്ചു. എന്‍റെ മുപ്പത് വര്‍ഷമായുള്ള സജീവ വ്യവസായ ജീവിതത്തില്‍ എന്‍റെ വ്യവസായത്തെ കുറിച്ച് മനസിലാക്കുന്ന ഒരു ഉദ്യോഗസ്ഥനെ പോലും കാണാന്‍ കഴിഞ്ഞില്ല. എങ്കില്‍ തന്നെയും എന്‍റെ വ്യവസായത്തെ ഇല്ലായ്മ ചെയ്യാനുള്ള അധികാരം അവര്‍ക്കുണ്ടായിരുന്നു. അവസാനമായി, നമ്മുടെ പരാജയത്തിന് കാരണം കുറച്ച് മാത്രം ആശയപരമായുള്ളതും കൂടുതലും പൊതു ഭരണക്രമത്തിന്‍റെ കുഴപ്പം മൂലവുമാണ്.
എവിടെയാണ് ഭരനക്രമത്തിന്‍റെ പ്രശ്നം സ്ഥിതി ചെയ്യുന്നത്? എന്തു കൊണ്ടാണ് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മോശമായി പെരുമാറുന്നത്? എന്തു കൊണ്ടാണ് ഇന്ത്യയിലെ കേന്ദ്ര, സംസ്ഥാന, തദ്ദേശ സര്‍ക്കാരുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തത്. തൊഴില്‍ നിയമങ്ങള്‍ അവരെ സംരക്ക്ഷിക്കുന്നതു കൊണ്ടാണോ ഉദ്യോഗസ്ഥര്‍ ഒന്നിലും കാര്യക്ഷമത കാണിക്കാത്തത്. ഭാഗികമായി ഇത് ശരിയാണ്. എന്നാല്‍, തൊഴില്‍ നിയമങ്ങളില്‍ ആവശ്യാനുസരണം ഭേദാഗതി വരുത്താന്‍ ഈ സര്‍ക്കാരിന് കഴിയില്ല.
ഇടത് രാഷ്ട്രീയ കക്ഷികളെയും തൊഴിലാളി യൂണിയനുകളെയും പിണക്കാന്‍ ഇപ്പോഴത്തെ സര്‍ക്കാരിന് കഴിയില്ലല്ലോ. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും നന്നായി പദ്ധതികള്‍ നടപ്പിലാക്കിയ സംഭവങ്ങളും നമുക്ക് മുന്നിലുണ്ട്. ഡല്‍ഹി മെട്രോ നിര്‍മ്മാണം, ഇന്‍ഡോറിലെ മാതൃകാപരമായ ബസ് സര്‍വീസുകള്‍, ബി സി ഖണ്ഡൂരി അധ്യക്ഷനായിരുന്നപ്പോള്‍ വേഗത്തില്‍ വികസിപ്പിച്ചിരുന്ന ദേശീയ പാത സംവിധാനത്തിന്‍റെ ഉന്നതമായ പദ്ധതി നിര്‍വ്വഹണം എന്നിവ്ഗ ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടാം. ഇതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളായിരിക്കാം, എന്നാല്‍ വിചാരിച്ചാല്‍ നടപ്പിലാക്കാനാകും എന്നതിന് തെളിവാണ്.
2004 ലെ സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ വച്ച് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞത് സര്‍ക്കാരിന്‍റെ പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്തുമെന്നാണ്. ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുമെന്നും പാവപ്പെട്ടവര്‍ക്ക് സേവനങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു
. പ്രധാനമന്ത്രിയുടെ വാക്കുകള്‍ നാം ഗൌരവമായെടുത്തു. ജനങ്ങള്‍ പ്രതീക്ഷ വച്ച് പുലര്‍ത്തി. ഇതിന് ശേഷം മൂന്നര വര്‍ഷം കഴിഞ്ഞു. ഒന്നും പ്രാവര്‍ത്തികമായില്ല. ജനങ്ങളുടെ സ്വപ്നങ്ങള്‍ കരിഞ്ഞു. പ്രധാനപ്പെട്ട ഒരു ഭരണ പരിഷ്കാരവും നടപ്പിലായില്ല. സര്‍ക്കാരുദ്യോഗസ്ഥര്‍ ഉത്തരവാദിത്ത ബോധമില്ലാത്തവരും അഹങ്കാരികളും അഴിമതിക്കരുമായി തുടരുന്നു. ജോലി ചെയ്താലുമില്ലെങ്കിലും അവര്‍ക്ക് ഉദ്യോഗക്കയറ്റം ലഭിക്കുന്നു.
എന്താണ് ഇതിനുള്ള പോംവഴി. ഉദ്യോഗസ്ഥ വൃന്ദത്തെ പിരിച്ചു വിടുന്നത് പ്രായോഗികമല്ല. നല്ലൊരു വിഭാഗം ഇന്ത്യാക്കാരുംഇതാകും ആഗ്രഹിക്കുന്നതെങ്കില്‍ തന്നെയും അത് സാധ്യമല്ല. സര്‍ക്കാര്‍ ജീവനക്കാരെ വെട്ടിക്കുറച്ച് ഫലപ്രദമായ സംവിധാനം രൂപീകരിക്കുക ആണ് ചെയ്യേണ്ടത്. ബ്രിട്ടനെ ഇക്കാര്യത്തില്‍ മാതൃകയാക്കണം.
അവിടെ 1979 ല്‍ ഉണ്ടായിരുന്നതിനെക്കാള്‍ 40 ശതമാനം കുറച്ച് ആളുകളെ ഇപ്പോഴുള്ളൂ. ഇത് വന്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയത് കൂടാതെ ഭരണ സംവിധാനം മെച്ചപ്പെടാനും ഹേതുവായി. ഓസ്ട്രേലിയയെയും ന്യൂസിലന്‍ഡിനെയും നമുക്ക് മാതൃകയാക്കാവുന്നതാണ്. സര്‍ക്കാഎര്‍ ഉദ്യോഗം ലഭിച്ചാല്‍ പിന്നെ ജീവിതം സുരക്ഷിതമായെന്ന ചിന്ത അവിടെ നിന്ന് തുടച്ച് മാറ്റിക്കഴിഞ്ഞു. പ്രവര്‍ത്തിക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പുറത്താക്കുന്ന സമ്പ്രദായമാണ് അവിടെ ഉള്ളത്.
സര്‍ക്കാര്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്ന കാര്യം മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന് എളുപ്പമാവില്ല. ഇടത് പക്ഷം അതനുവദിക്കില്ല. എന്നാല്‍, ഉദ്യോഗസ്ഥ വൃന്ദത്തെ ജനങ്ങളോട് ആഭിമുഖ്യമുള്ളവരായും പ്രവര്‍ത്തന മികവ് പുലര്‍ത്തുന്നവരായും മാറ്റിയെടുക്കാന്‍ കഴിയും.
ഒരു ഭരണ നവീകരണ കമ്മീഷനെ മന്മോഹന്‍ സര്‍ക്കാര്‍ കൂടി നിയമിച്ചു കഴിഞ്ഞു. ഭരണ നവീകരണം സംബന്ധിച്ച കാര്യങ്ങള്‍ ശുപാര്‍ശ ചെയ്തിട്ടുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ 50 വര്‍ഷത്തിലധികമായി പൊടിപിടിച്ച് കിടപ്പുണ്ട്. നമുക്ക് വേണ്ടത് ഇത് നടപ്പിലാക്കാനുള്ള ഒരു വ്യവസ്ഥിതിയാണ്. ഒരു ക്യാബിനറ്റ് സെക്രട്ടറിയുടെ കീഴില്‍ വേണം ഭരണ നവീകരണം നടപ്പിലാക്കാനുള്ള സംവിധാനം രൂപീകരിക്കേണ്ടത്.
1991-93 കാലഘട്ടത്തെ മന്‍മോഹന്‍ സിംഗ് ഉറ്റ് നോക്കേണ്ടതാണ്. നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്ന ഇക്കാലയളവില്‍ സാമ്പത്തിക പരിഷ്കരണങ്ങള്‍ നടപ്പിലാക്കുന്നതില്‍ അനതിസാധാരണമായ വിജയം നേടാന്‍ കഴിഞ്ഞിരുന്നു. സാമ്പത്തിക പരിഷ്കരണങ്ങളുമായി ബന്ധപ്പെട്ട് മന്‍മോഹന്‍ സിംഗിനെയും ചിദംമ്പരത്തെയും നരസിംഹ റാവു ചുമതലകള്‍ ഏല്‍പ്പിക്കുകയുണ്ടായി. എന്നാല്‍, തന്‍റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി എ എന്‍ വര്‍മ്മയെ നിയമിച്ചതാണ് കാര്യങ്ങള്‍ എളുപ്പമാക്കിയത്. വര്‍മ്മയുടെ സംഭാവനകള്‍ ഇനിയും വേണ്ട വിധം മാനിക്കപ്പെട്ടിട്ടില്ല.
പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നതിനായി ഒരു സംവിധാനം ഏര്‍പ്പെടുത്താന്‍ നരസിംഹ റാവു വര്‍മ്മയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇങ്ങനെയാണ് ധനമന്ത്രാലയത്തിലെ സെക്രട്ടറിമാരുടെ ‘വ്യാഴാഴ്ച കമ്മിറ്റി ’ഉണ്ടായത്. എല്ലാ ആഴ്ചകളിലും പദ്ധതികളെ കൂട്ടിയോജിപ്പിച്ചിരുന്നതും നിരീക്ഷിച്ചിരുന്നതും മന്ത്രിസഭയുടെ അംഗീകാരം നേടുകയും നടപ്പിലാക്കുകയും ചെയ്തിരുന്നത് ഈ വ്യാഴാഴ്ച കമ്മിറ്റിയായിരുന്നു. വ്യാഴാഴ്ച എല്ലാ സെക്രട്ടറിമാരും ഓഫീസിലുണ്ടാകണമെന്നത് നിര്‍ബന്ധമാക്കിയിരുന്നു.
കമ്മിറ്റി രണ്ട് മണിക്കൂര്‍ മാത്രമാണ് യോഗം ചേര്‍ന്നിരുന്നത്. ഈ ചര്‍ച്ചകളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ വര്‍മ്മ അതേ ദിവസം തന്നെ മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിക്കുകയും പിന്നീട് അടുത്ത ആഴ്ചയില്‍ പാര്‍ലമന്‍റില്‍ അനുമതിയ്ക്കായി വയ്ക്കുകയും ചെയ്യുമായിരുന്നു. അക്കാലയളവില്‍ ഓരോ ആഴ്ചയും ഓരോ പരിഷ്കാരങ്ങള്‍ സംബന്ധിച്ച പ്രഖ്യാപനമുണ്ടായിരുന്നത് നമ്മില്‍ പലരും ആഹ്ലാദത്തോടെ ഓര്‍ക്കുന്നുണ്ട്.
ഇപോഴും വൈകിയിട്ടില്ല. തന്‍റെ ജീവിതത്തില്‍ രണ്ടാം തവണയും ചരിതം സൃഷ്ടിക്കാന്‍ മന്‍മ്മോഹന്‍ സിംഗിന് ഇപ്പോഴും അവസരമുണ്ട്. ആദ്യ തവണ സാമ്പത്തിക പരിഷ്കര്‍ത്താവ് എന്ന നിലയിലാണ് മന്‍മോഹന്‍ ചരിത്ര നേട്ടം കുറിച്ചത്. ഇപ്പോള്‍ സര്‍ക്കാരിന്‍റെ പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്തിയും മികച്ച ഭരണം കാഴ്ച വച്ചും അദ്ദേഹത്തിന് നേട്ടം കൊയ്യാവുന്നതാണ്.
-------------------- പ്രോക്ടര്‍ ആന്‍ഡ് ഗാംബിള്‍ ഇന്ത്യയുടെ മുന്‍ സി ഇ ഒ ആണ് ഗുര്‍ചരണ്‍ദാസ്. ‘ഇന്ത്യ അണ്‍ബൌണ്ട്’ എന്ന പുസ്തകത്തിന്‍റെ രചയിതാവാണ് അദ്ദേഹം. ‘മുക്ത ഭാരത്’ എന്ന പേരില്‍ ഇറ്റ് ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.