ശാരീരികക്ഷമത വീണ്ടെടുത്തു; കരോലിനയെ ഇത്തവണ പരാജയപ്പെടുത്തുമെന്ന് സൈന

Webdunia
ബുധന്‍, 7 ഒക്‌ടോബര്‍ 2015 (17:15 IST)
ജപ്പാന്‍ ഓപ്പണില്‍ താന്‍ കളിച്ചതു പരിക്കുമായാണെങ്കിലും ഡെന്‍മാര്‍ക്ക് ഓപ്പണില്‍ ശാരീരികക്ഷമത വീണ്ടെടുത്ത് കളിക്കാന്‍ ഇറങ്ങുമെന്ന് സൈന നെഹ്‍വാള്‍. ശാരീരികക്ഷമത വീണ്ടെടുത്തുവെന്നും ഇപ്പോള്‍ തിരിച്ചുവരവിനു ശ്രമിക്കുകയാണ്.
കരോലിന മാരിന്‍ ശക്തയായ എതിരാളിയാണ്. എന്നാല്‍ ഡെന്‍മാര്‍ക്ക് ഓപ്പണില്‍ തോല്‍പ്പിക്കാനാകുമെന്നാണു പ്രതീക്ഷയെന്നും സൈന പറഞ്ഞു.

അടുത്തയിടെ രണ്ട് ഫൈനലുകളില്‍തന്നെ തോല്‍പ്പിച്ച കരോലിനാ മാരിനോട് പകരം വീട്ടാന്‍ ഡെന്‍മാര്‍ക്കില്‍ കഴിയും. അതിനായി കടുത്ത പരിശീലനം തന്നെയാണ് നടത്തുന്നത്. ശാരീരികക്ഷമത വീണ്ടെടുത്തതായും സൈന പറഞ്ഞു. ചൊവ്വാഴ്‍ച തുടങ്ങുന്ന ഡെന്‍മാര്‍ക്ക് ഓപ്പണിനായി ശനിയാഴ്‌ച തിരിക്കുമെന്നും ഇന്ത്യന്‍ താരം പറഞ്ഞു. ബാഡ്‍മിന്റണിലെ അഞ്ച് സൂപ്പര്‍സീരീസ് പ്രിമിയര്‍ ടൂര്‍ണമെന്റുകളിലൊന്നാണ് ഡെന്‍മാര്‍ക്ക് ഓപ്പണ്‍.

ലോക ചാമ്പ്യന്‍ഷിപ്പിലെ ചരിത്രനേട്ടത്തിനും ജപ്പാന്‍ ഓപ്പണിലെ അപ്രതീക്ഷിത തോല്‍വിക്കും പിന്നാലെ കൊറിയ ഓപ്പണില്‍നിന്ന് സൈന പിന്മാറിയെങ്കിലും കാരണം വ്യക്തമാക്കിയിരുന്നില്ല. പരുക്കുമായാണ് ജപ്പാനില്‍ കളിച്ചതെന്ന് ആദ്യമായി വെളിപ്പെടുത്തിയ സൈന ശാരീരികക്ഷമത വീണ്ടെടുത്തതായി പിന്നെ വ്യക്തമാക്കുകയായിരുന്നു.