ഒരേസമയം രണ്ടു പദവികള്‍ സ്വീകരിക്കുകയും ലോക ചാംപ്യൻ പട്ടമണിഞ്ഞപ്പോള്‍ ലഭിച്ച പാരിതോഷികത്തിന്റെ ഒരു ഭാഗം അടയ്‌ക്കാതിരിക്കുകയും ചെയ്‌തതോടെ ഫ്ലോയ്ഡ് മെയ്‍വെതറിൽ നിന്നും ലോക ചാമ്പ്യന്‍ പട്ടം തിരിച്ചെടുത്തു. താരം ആവശ്യമായ നിയമങ്ങള്‍ പാലിച്ചില്ല എന്നാരോപിച്ചാണ് സംഘടനയുടെ നടപടി.
ബോക്‍സിംഗ് ചരിത്രത്തിലെ ഇതിഹാസ പോരാട്ടമായ മൽസരത്തിൽ ഫിലിപ്പീൻസ് താരം മാനി പക്വിയാവോയ പരാജയപ്പെടുത്തിയാണ് മെയ്‌വതര്‍ ലോക ചാമ്പ്യന്‍ പട്ടമണിഞ്ഞത്. എന്നാല്‍ അതിനു ശേഷം സംഘടനയുടെ ഒരു നിയമവും പാലിക്കാന്‍ അദ്ദേഹത്തിനായില്ലെന്നും സംഘടന വ്യക്തമാക്കി. മൽസരത്തില്‍ നിന്നുള്ള പാരിതോഷികത്തിന്റെ 200,000 ഡോളര്‍ അടയ്‌ക്കേണ്ട അവധി കഴിഞ്ഞതായും മാത്രമല്ല ജൂനിയര്‍ മിഡില്‍വെയ്റ്റ് എന്ന പദവി മെയ്‍വെതർ ഉപേക്ഷിച്ചില്ലെന്നുമാണ് സംഘടന വ്യക്തമാക്കിയത്.
ഒരേസമയം രണ്ടു ലോകപദവികൾ കൈവശം വെക്കുന്നത് ബോക്‌സര്‍മാരുടെ നിയമങ്ങളില്‍ ഗുരുതരമായ ഒന്നാണ്. ലോക കിരീടത്തിനായുള്ള പോരാട്ടത്തിൽ നിന്നും ലഭിക്കുന്ന പാരിതോഷികത്തിന്റെ മൂന്നു ശതമാനം ബോക്‍സിംഗ് സംഘടനയ്ക്ക് നൽകണമെന്നും നിയമമുണ്ട്. മെയ്‍വെതർ ഇതു രണ്ടും തെറ്റിച്ചതായി സംഘടന വ്യക്തമാക്കി. എന്നാല്‍ അദ്ദേഹത്തിന് അപ്പീല്‍ സമര്‍പ്പിക്കാന്‍ രണ്ടാഴ്ച സമയം അനുവദിക്കുകയും ചെയ്‌തു.