ഫോര്‍മുല വണ്‍ ലോക കിരീടത്തിലേക്ക് മക്‌ലാരന്‍ മെഴിസിഡസ് ഡ്രൈവര്‍ ലൂയിസ് ഹാമില്‍ടണ് ഒരു ചുവട് കൂടി അടുത്തു. ഞായറാഴ്ച നടക്കുന്ന ചൈനീസ് ഗ്രാന്‍ഡ് പ്രീയില്‍ പോള്‍ പൊസിഷന്‍ നേടിയിരിക്കുകയാണ് ഹാമില്‍ടണ്‍.
ഡ്രൈവേഴ്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇപ്പോള്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഫെരാരിയുടെ ഫിലിപ്പെ മാസ ഗ്രിഡില്‍ മൂന്നാമതായാകും നില്‍ക്കുക. നിലവിലെ ചാമ്പ്യന്‍ കിമി റൈക്കോണനാണ് രണ്ടാം സ്ഥാനത്ത്. ചൈനീസ് ഗ്രാന്‍ഡ് പ്രീയില്‍ വിജയം നേടാനായാല്‍ ഹാമില്‍ടണ്‍ ഫോര്‍മുല വണ്‍ ലോകചാമ്പ്യനായി മാറും.
ഫിലിപ്പെ മാസയ്ക്ക് അഞ്ചാം സ്ഥാനത്തിന് മുകളില്‍ നേടാനായില്ലെങ്കിലും പോയിന്‍റു നിലയില്‍ ഹാമില്‍ടണ്‍ ചാമ്പ്യനായി മാറും. ഇരു താരങ്ങളും തമ്മില്‍ ഇപ്പോള്‍ അഞ്ച് പോയിന്‍റുകളുടെ വ്യത്യാസമാണുള്ളത്. ചാമ്പ്യന്‍ഷിപ്പ് നേടാനായാല്‍ ഫോര്‍മുല വണ്ണിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യനായും 23കാരനായ ഹാമില്‍ടണ്‍ മാറും.