സോംഗയ്ക്ക് അട്ടിമറി ജയം

PROPRO
ഫ്രഞ്ച്താരം ജോ വില്‍ഫ്രഡ് സോംഗ പാരീസ് മാസ്റ്റേഴ്സില്‍ ലോക മൂന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നോവാക്ക് ജോക്കോവിന്‍റെ വഴിയടച്ചു. നാട്ടുകാരുടെ ആവേശം മുഴുവന്‍ റാക്കറ്റില്‍ ഏറ്റുവാങ്ങിയ സോംഗ മൂന്നാം റൌണ്ട് പോരാ‍ട്ടത്തില്‍ 6-4, 1-6, 6-3 എന്ന സ്കോറിനാണ് ജയിച്ചത്.

അവസാന നാലിനായുള്ള മത്സരത്തില്‍ സോംഗ ഇനി നേരിടുക അമേരിക്കന്‍ താരം ആന്‍ഡി റോഡിക്കിനെ ആണ്. ഓസ്ട്രേലിയന്‍ ഓപ്പണിലും തായ്‌ലന്‍ഡ് ഓപ്പണിലും ഇതേ എതിരാളിയോട് രണ്ട് തവണ പരാജയപ്പെട്ട സോംഗ മൂന്നാമത്തെ മത്സരത്തില്‍ തികച്ചും കരുതലോടെയുള്ള പോരാ‍ട്ടമാണ് നടത്തിയത്.

ഈ ടൂര്‍ണമെന്‍റില്‍ ജയിക്കാനായാല്‍ ഷംഗ്ഹായിയില്‍ നടക്കുന്ന സീസണിലെ അവസാന മത്സരത്തില്‍ കളിക്കാന്‍ സോംഗയ്ക്ക് അവസരം ലഭിക്കും. അതേ സമയം അമേരിക്കന്‍ താരം ആന്‍ഡി റോഡിക് മാസ്റ്റേഴ്സ് കപ്പിനുള്ള ശേഷിക്കുന്ന മൂന്ന് സ്ഥാനങ്ങളില്‍ ഒന്നില്‍ സ്ഥാനം സുരക്ഷിതമാക്കി.

പാരീസ് ഓപ്പണില്‍ ഫ്രഞ്ച് താരം ഗൈല്‍‌സ് സിമോണെ മൂന്നാം റൌണ്ടില്‍ 6-3, 7-5 എന്ന സ്കോറിനു തകര്‍ത്ത് ക്വാര്‍ട്ടറില്‍ കടന്നതോടെയാണ് റോഡിക് മുന്നേറിയത്. റാഫേല്‍ നദാല്‍, ഫെഡറര്‍, നോവാക്ക് ജോക്കോവിക്, ആന്‍ഡി മുറെ, നിക്കോളേ ഡാവിഡെങ്കോ, എന്നിവരാണ് സ്ഥാനം നേടിയ ആദ്യ സീഡുകള്‍.

വെബ്ദുനിയ വായിക്കുക