റോണോ മാജിക്കില്‍ മാഞ്ചസ്റ്റര്‍ ഫൈനലില്‍

ബുധന്‍, 6 മെയ് 2009 (09:53 IST)
ആഴ്സണലിന്‍റെ സ്വന്തം മൈതാനമായ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡൊ ചിറകടിച്ചുയര്‍ന്നു. മാഞ്ചസ്റ്റര്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ചാമ്പ്യന്‍സ് ലീഗിന്‍റെ ഫൈനലിലുമെത്തി. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു മാഞ്ചസ്റ്റര്‍ പീരങ്കിപ്പടയെ തുരത്തിയത്തിയത്.

ഇരുപാദങ്ങളിലുമായി 4-1 ജയം പൂര്‍ത്തിയാക്കിയാണ് മാഞ്ച്സ്റ്റര്‍ ചാമ്പ്യന്‍സ് ലീഗില്‍ കിരീടം നിലനിര്‍ത്താനൊരുങ്ങുന്ന ആദ്യ ടീമാകുന്നത്. ഫന്‍ഡര്‍ ഗിബ്‌സിന്‍റെ പിഴവ് മുതലെടുത്ത് ആദ്യ പകുതിയുടെ എട്ടാം മിനിറ്റില്‍ പാര്‍ക്-ജി-സുങ്ങിന്‍റെ ആദ്യ ഗോളിലൂടെ പീരങ്കിപ്പടയ്ക്ക് നേരെ ആദ്യ വെടിയുതിര്‍ത്ത മാഞ്ചസ്റ്റര്‍ മൂന്നു മിനിറ്റിന് ശേഷം റോണോ മാജിക്കില്‍ പിറന്ന ഉജ്ജ്വലമായ ഫ്രീകിക്ക് ഗോളിലൂടെ ലീഡുയര്‍ത്തി.

തന്നെ വീഴ്ത്തിയതിന് 40 വാര അകലെ നിന്നെടുത്ത കിക്കാണ് പോര്‍ച്ചുഗല്‍ താരം വലകടത്തിയത്. രണ്ടാംപകുതിയില്‍ 61ആം മിനിറ്റില്‍ റൂണിയുടെ പാസില്‍ തന്‍റെ രണ്ടാം ഗോള്‍ നേടി റോണോ മാഞ്ച്സറ്ററിന്‍റെ ഗോള്‍പ്പട്ടിക തികച്ചു.

എഴുപ്പത്തിനാലാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി മുതലെടുത്ത് വാന്‍ പേഴ്‌സി ആഴ്‌സനലിന്‌വേണ്ടി ഒരു ഗോള്‍ മടക്കി. ഫാബ്രിഗസിനെ ചവിട്ടി വീഴ്ത്തിയതിന് മാഞ്ചസ്റ്ററിന്റെ ഫ്‌ളച്ചര്‍ ചുവപ്പ് കാര്‍ഡ്കണ്ട് പുറത്ത് പോവുകയും ചെയ്തു. ഫ്‌ളച്ചറിന് ഇതോടെ ഫൈനലില്‍ കളിക്കാനാവില്ല. ചാമ്പ്യന്‍സ് ലീഗില്‍ പരാജയമറിയാതെ 25 മത്സരങ്ങളെന്ന റെക്കോര്‍ഡ് നിലനിര്‍ത്താനും ഈ വിജയത്തോടെ മാഞ്ചസ്റ്ററിനായി.

വെബ്ദുനിയ വായിക്കുക