റയലിനെ അത്‌ലറ്റിക്കോ പിടിച്ചുകെട്ടി

Webdunia
ഞായര്‍, 8 മാര്‍ച്ച് 2009 (12:58 IST)
തുടര്‍ച്ചയായ പതിനൊന്നാം ജയം തേടി സ്പാനിഷ്‌ ലീഗിലിറങ്ങിയ റയല്‍ മാഡ്രിഡിന് തിരിച്ചടി. അട്ടിമറികളിലൂടെ ഫോമിലേക്കുയര്‍ന്ന അത്‌ലറ്റിക്കോ മാഡ്രിഡ് റയലിനെ സമനിലയില്‍ തളച്ചു.

മുപ്പത്തിയെട്ടാം മിനുട്ടില്‍ ഉറുഗ്വേ സ്ട്രൈക്ക്കര്‍ ഡീഗോ ഫോര്‍ലാന്‍ ആദ്യഗോള്‍ നേടി അത്‌ലെറ്റിക്കോയെ മുന്നിലെത്തിച്ചിരുന്നു. ഫോര്‍ലാന്‍ ഈ സീസണില്‍ നേടുന്ന പതിനെട്ടാം ഗോളായിരുന്നു ഇത്. എന്നാല്‍ അമ്പത്തിയെട്ടാം മിനുട്ടില്‍ റയല്‍ സമനില നേടി.

മറ്റൊരു മത്സരത്തില്‍ ബാഴ്സലോണ അത്‌ലറ്റിക്കോ ബില്‍ബാവോയെ പരാജയപ്പെടുത്തി. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ബാഴ്സയുടെ വിജയവും. സെര്‍ജിയോ ബസ്ക്വെറ്റ്സും ലയണല്‍ മെസ്സിയും ആണ് ബാഴ്സയ്ക്ക് വിജയം നേടിക്കൊടുത്തത്.

റയല്‍ സമനില വഴങ്ങിയതും ബില്‍ബാവോയ്ക്കെതിരെ വിജയം നേടനായതും ബാഴ്സയുടെ കിരീടമോഹം വീണ്ടും സജീവമാക്കി. കഴിഞ്ഞ കളികളില്‍ പ്രതീക്ഷിച്ച മുന്നേറ്റം കാഴ്ച്ചവെക്കനാകാഞ്ഞത് അവരുടെ കിരീടമോഹങ്ങള്‍ക്ക് തിരിച്ചടി നല്‍കിയിരുന്നു.

ലീഗിലെ മറ്റൊരു മത്സരത്തില്‍ വിയ്യാറല്‍ എസ്പന്യോളിനെ മറുപടിയില്ലാത്ത ഒരു ഗോളിനും കീഴടക്കി.