മാഗ്‌നസ് കാള്‍സണ്‍ ലോക ചെസ് ചാമ്പ്യന്‍

Webdunia
വെള്ളി, 22 നവം‌ബര്‍ 2013 (20:26 IST)
PTI
നോര്‍വെയുടെ മാഗ്‌നസ് കാള്‍സണ്‍ ലോക ചെസ് ചാമ്പ്യന്‍. നിലവിലെ ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദിനെ പത്താം ഗെയിമില്‍ സമനിലയില്‍ തളച്ചാണ് കാള്‍സണ്‍ ലോകകിരീടം സ്വന്തമാക്കുന്നത്. 22കാരനായ കാള്‍സണ്‍ ലോകകിരീടം നേടുന്ന പ്രായം കുറഞ്ഞ താരമാണ്. നോര്‍വെയ്ക്ക് ആദ്യമായാണ് ലോക കിരീടം ലഭിക്കുന്നതും.

മാഗ്‌നസ് കാള്‍സണ് പത്ത് കളികളില്‍ നിന്ന് 6.5 പോയിന്‍റാണ് ഉള്ളത്. വിശ്വനാഥന്‍ ആനന്ദിന് 3.5 പോയിന്‍റ് നേടാനേ കഴിഞ്ഞുള്ളൂ. പത്താം ഗെയിം തുടക്കം മുതല്‍ വിശ്വനാഥന്‍ ആനന്ദിന്‍റെ നീക്കങ്ങളെല്ലാം പിഴയ്ക്കുകയായിരുന്നു. ആ പിഴവുകള്‍ നാല്‍പ്പത്തിരണ്ടാം നീക്കം വരെ തുടര്‍ന്നു. ഒടുവില്‍ അറുപത്തിരണ്ടാം നീക്കത്തില്‍ ഇരുവരും സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു.

പത്താം ഗെയിമില്‍ വിജയം കണ്ടെത്തി കിരീടം സ്വന്തമാക്കാനായിരുന്നു കാള്‍സണ് താല്‍പ്പര്യം. എന്നാല്‍ കളിയ്ക്കിടെ രണ്ട് തവണ വിശ്വനാഥന്‍ ആനന്ദ് സമനിലയ്ക്ക് ശ്രമിച്ചു. അപ്പോഴൊന്നും വഴങ്ങാതെ വിജയം എന്ന ലക്‍ഷ്യവുമായി കാള്‍സണ്‍ മുന്നോട്ടുപോകുകയായിരുന്നു. എന്തായാലും ഒരു തോല്‍‌വി ഒഴിവാക്കിയെന്നെങ്കിലും വിശ്വനാഥന്‍ ആനന്ദിന് ആശ്വസിക്കാം.

‘ഇരപോലുമറിയാതെ ഇരയെ വിഴുങ്ങുന്ന ശൈലി’ എന്നാണ് മാഗ്‌നസ് കാള്‍സന്‍റെ ചതുരംഗശൈലി വിലയിരുത്തപ്പെടുന്നത്. അഞ്ചാം വയസിലാണ് കാള്‍സണ്‍ ചെസ് കളി ആരംഭിക്കുന്നത്. എട്ടാം വയസുമുതല്‍ മത്സരങ്ങളില്‍ പങ്കെടുത്തുതുടങ്ങി. പതിമൂന്നാമത്തെ വയസില്‍ ഗ്രാന്‍ഡ് മാസ്റ്ററായി. പത്തൊമ്പതാം വയസില്‍ ചെസ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റാങ്കിംഗ് പോയിന്‍റ് സ്വന്തമാക്കി കാള്‍സണ്‍ ലോക ഒന്നാം നമ്പര്‍ താരമായി.

ആദ്യകാലത്ത് ആക്രമണമായിരുന്നു മാഗ്‌നസ് കാള്‍സണ്‍ സ്വീകരിച്ചിരുന്ന ശൈലി. പിന്നീട് ആക്രമണവും പ്രതിരോധവും സമന്വയിപ്പിച്ചുകൊണ്ടുള്ള ശൈലി സ്വീകരിച്ചു. കൃത്യമായ ആസൂത്രണമാണ് കാള്‍സന്‍റെ കളിയുടെ ഏറ്റവും വലിയ സവിശേഷതയും ഗുണവും. അനറ്റോളി കാര്‍പ്പോവിന്‍റെ കളിയുമായാണ് കാള്‍സന്‍റെ ഇപ്പോഴത്തെ ശൈലിക്ക് സാമ്യം.

യുവത്വവും വേഗതയും ചേര്‍ന്ന് ചെസിന്‍റെ വിശ്വത്തിന് പുതിയ നാഥന്‍ വരുമ്പോള്‍ വിശ്വനാഥന്‍ ആനന്ദ് എന്ന അസാമാന്യ മനുഷ്യന്‍റെ പരാജയമുഖത്തിന് സാക്‍ഷ്യം വഹിച്ചത് സ്വന്തം നാടാണെന്നതും കാലം കരുതിവച്ച യാദൃശ്ചികത. ഇനി ആനന്ദിന്‍റെ നീക്കം എന്തായിരിക്കും? കാത്തിരിക്കാം. അപ്രതീക്ഷിത നീക്കങ്ങള്‍ക്കാണല്ലോ ചതുരംഗക്കളത്തില്‍ എപ്പോഴും പ്രസക്തി.