ഗേ ലണ്ടനില്‍ മത്സരിക്കും

വ്യാഴം, 23 ജൂലൈ 2009 (19:25 IST)
ശനിയാഴ്ച നടക്കുന്ന ലണ്ടന്‍ ഗ്രാപ്രിക്സില്‍ മത്സരിക്കുമെന്ന് 100, 200 മീറ്ററുകളിലെ ലോക ചാമ്പ്യന്‍ ടൈസണ്‍ ഗേ വ്യക്തമാക്കി. ഓടുമ്പോള്‍ നാഭിയില്‍ വേദന അനുഭവപ്പെടുന്നതിനാല്‍ ലണ്ടന്‍ ഗ്രാന്‍‌പ്രിക്സിലും അടുത്ത മാസം നടക്കുന്ന ലോക മീറ്റിലും ഗേ പങ്കെടുക്കുന്ന കാര്യം സംശയത്തിലായിരുന്നു.

എന്നാല്‍ ശനിയാഴ്ച നടക്കുന്ന ലണ്ടന്‍ ഗ്രാന്‍പ്രിക്സില്‍ ഗേ മത്സരിക്കുമെന്ന് അദ്ദേഹത്തിന്‍റെ മാനേജര്‍ മാര്‍ക് വെറ്റ്‌മോര്‍ പറഞ്ഞു. 200 മീറ്ററില്‍ മാത്രമായിരിക്കും ഗേ മത്സരിക്കുകയെന്നും വെറ്റ്മോര്‍ വ്യക്തമാക്കി. 100, 200 മീറ്ററുകളിലെ നിലവിലെ ലോക ചാമ്പ്യനായ ഗേയ്ക്ക് ഒളിമ്പിക് ചാമ്പ്യന്‍ ഉസൈന്‍ ബോള്‍ട്ട് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

ഓരോ തവണ ഓട്ടം പൂര്‍ത്തിയാക്കുമ്പോഴും ഗേയ്ക്ക് നാഭിയില്‍ വേദന അനുഭവപ്പെടുന്നുണ്ട്. എന്നാല്‍ ഏതാനും ദിവസത്തിനുശേഷം ഇത് തനിയെ അപ്രത്യക്ഷമാകുകയും ചെയ്യുമെന്ന് വെറ്റ്മോര്‍ പറഞ്ഞു. പങ്കെടുക്കുന്ന മത്സരങ്ങളുടെ എണ്ണം കൂട്ടി പരുക്ക് കൂടുതല്‍ വഷളാക്കരുതെന്ന് ഡോക്ടര്‍മാര്‍ ഗേയോട് ഉപദേശിച്ചിട്ടുണ്ട്.

ഈ മാസം 31ന് നടക്കുന്ന സ്റ്റോക് ഹോം ഗ്രാന്‍പ്രിക്സിലും ഗേ മത്സരിക്കുമെന്നാണ് കരുതുന്നത്. നേരത്തെ കാല്‍മുട്ടിനേറ്റ പരുക്കിനെ തുടര്‍ന്ന് ഈ സിസണില്‍ ഗേയ്ക്ക് ഏതാനും ദിവസത്തെ പരിശീലനം നഷ്ടമായിരുന്നു.

വെബ്ദുനിയ വായിക്കുക